കാഞ്ഞൂർ: 27 വർഷത്തെ സേവനത്തിനൊടുവിൽ രാജ്യാന്തര ജൂഡോ റഫറിയും കേരള കായികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ജെ.ആർ. രാജേഷ് സർവീസിൽ നിന്ന് വിരമിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ടെക്‌നിക്കൽ ഓഫീസർ പദവിയിൽ നിന്നാണ് വിരമിക്കൽ.
1999-ൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ ജൂഡോ പരിശീലകനായാണ് രാജേഷ് സേവനം ആരംഭിച്ചത്. തുടർന്ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് ഓഫീസറായും എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കായിക ഭരണരംഗത്തും ജൂഡോയുടെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളിലുമാണ് അദ്ദേഹം ശ്രദ്ധേയനായത്.
സൗത്ത് ഇന്ത്യയിലെ ഏക രാജ്യാന്തര ജൂഡോ റഫറിയായ രാജേഷ് നിരവധി അന്തർദേശീയ ജൂഡോ മത്സരങ്ങളിൽ റഫറിയായും സാങ്കേതിക ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയതല, അന്തർദേശീയ മത്സരങ്ങളിലടക്കം വിവിധ ചുമതലകൾ വഹിച്ചിട്ടുമുണ്ട്.
കാഞ്ഞൂർ പുതിയേടം സ്വദേശിയായ രാജേഷ്, ജൂഡോയിൽ 6-ാം ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി നേടിയ ഏക മലയാളിയുമാണ്. നാല് പതിറ്റാണ്ടിലേറെയായി ജൂഡോയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് അദ്ദേഹത്തിന് ഈ ബഹുമതി നൽകിയത്.
വിരമിക്കലിന് ശേഷം രാജ്യാന്തര റഫറിംഗ് രംഗത്തും കായിക ഭരണരംഗത്തും കൂടുതൽ സജീവമാകാനാണ് രാജേഷിന്റെ തീരുമാനം



