കൊച്ചി: വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കി. കഴിഞ്ഞമാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ട പരിശോധനയില്‍ പിഴയായി 62,000 രൂപയും ചുമത്തി. തിയറ്ററുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണു മന്ത്രി അനൂപ് ജേക്കബിന്‍െ്‌റ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തിയത്. എല്ലാ മാസവും സംയുക്ത പരിശോധന തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
കോഴിക്കോട് രാമനാട്ടുകര സുരഭി തിയേറ്ററുകളിലെ പരിശോധനയില്‍ പാക്കറ്റുകളില്‍ നിര്‍മ്മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിനു നോട്ടീസ് നല്‍കി. ചെറുവണ്ണൂര്‍ ഫറോക്കിലെ മല്ലിക പ്‌ളക്‌സ് തിയേറ്ററില്‍ 60 ഗ്രാം പോപ്‌കോണില്‍ 7.5 ഗ്രാം തൂക്കം കുറച്ചു വില്‍പ്പന നടത്തിയതിനു കേസെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാര പദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു.
കണ്ണൂര്‍ പയ്യന്നൂര്‍ അര്‍ച്ചന കോംപ്‌ളക്‌സില്‍ നിന്നും 65 ഗ്രാം എന്നു രേഖപ്പെടുത്തി വില്‍പ്പന നടത്തിയ പോപ്‌കോണ്‍ തൂക്കം 52 ഗ്രാം മാത്രമുള്ളതിനാല്‍ കേസെടുത്തു 10,000 രൂപ പിഴ ഈടാക്കി. ചെറുപുഴ എ.കെ. സിനി പാലസില്‍ 60 ഗ്രാം എന്ന് രേഖപെടുത്തിയ പോപ്‌കോണ്‍ തൂക്കം 42 ഗ്രാം മാത്രമുള്ളതിനാല്‍ 5,000 രൂപ പിഴ ഈടാക്കി. ദേവ് സിനിമാസ് കണിച്ചാര്‍ തിയറ്ററിലും 50 ഗ്രാം എന്നു രേഖപ്പടുത്തിയ പോപ്‌കോണ്‍ 35 ഗ്രാമായിരുന്നു തൂക്കം. ഉളിക്കല്‍ എസ്‌ജേസ് ജി സിനിമ തീയേറ്റ റില്‍ വെയിംഗ് മെഷീന്‍ യഥാസമയം മുദ്രചെയ്യാത്തതിനു കേസെടുത്തു.
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്റര്‍ ഹാളിനുപുറത്തു കുടിവെള്ളംസജ്ജീകരിക്കാനും മറ്റൊരു സ്ഥാപനത്തിനു സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. കോട്ടയത്തെ ധന്യ രമ്യ തിയേറ്ററില്‍ 55 ഗ്രാം പോപ്‌കോണിനു 48.6 ഗ്രാമായിരുന്നു തൂക്കം. 40 ഗ്രാം പോപ്‌കോണിനു 34.8 ഗ്രാമും. തൂക്കത്തില്‍ കുറവുവരുത്തി വില്‍പ്പന നടത്തിയതിനു കേസെടുത്തു 5000 രൂപ പിഴ ഈടാക്കി. അനുപമ തിയറ്റര്‍, കുമരകത്തെ വെല്‍വെറ്റ് വ്യൂ തിയറ്റര്‍ എന്നിവിടങ്ങളില്‍ നോണ്‍ സ്റ്റാന്‍ഡേര്‍ഡ് അളവ് ഉപയോഗിച്ചു വില്‍പ്പന നടത്തിയതിനു നോട്ടീസും നല്‍കി.
എറണാകുളം ജില്ലയില്‍ ആലുവ, അങ്കമാലി, നോര്‍ത്ത് പറവൂര്‍, അയ്യമ്പിള്ളി, ഞാറക്കല്‍ എന്നിവിടങ്ങളിലെ 8 തിയറ്ററുകളിലാണു സംയുക്ത പരിശോധന നടത്തിയത്. ആലുവ മാതാ-മാധുര്യ തിയേറ്ററില്‍ നടത്തിയ പരിശോധനയില്‍ 30 രൂപക്ക് 210 എം.എല്‍. ചായ നല്‍കേണ്ടിടത്തു 130 എം.എല്‍. ചായയാണ് നല്‍കിയത്. 120 രൂപയുടെ പോപ്‌കോണ്‍ 50 ഗ്രാം നല്‍കേണ്ടതിനു 16 ഗ്രാമും 150 രൂപയുടെ ചീസ് പോപ്‌കോണ്‍ 80 ഗ്രാം നല്‍കേണ്ടിടത്തു 70 ഗ്രാമും കുറച്ചാണു നല്‍കിയത്. തുടര്‍ന്നു മാതാ -മാധുര്യ തിയേറ്ററിന് അളവില്‍ കുറവു വില്‍പന നടത്തിയതിനു 25,000 രൂപ പിഴ ചുമത്തി.
കുടിവെള്ളം കാണാവുന്ന സ്ഥലത്തു വെക്കണമെന്ന് സിവില്‍സപ്‌ളൈസ് വകുപ്പും നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നാലിടത്ത് നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ സി സിനിമാസില്‍ യഥാസമയം മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനു കേസെടുത്തു 2,000 രൂപ പിഴയിട്ടു. ആലപ്പുഴയുള്ള റൈബാന്‍ സിനി ഹൗസില്‍ പൊപ് കോണിനു വില പ്രദര്‍ശിപ്പിച്ചതില്‍ തൂക്കം രേഖപ്പെടുത്താത്തതിനു നോട്ടീസും നല്‍കി.



