കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി വൈസ് ചാൻസലർ സിസ തോമസ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. അന്വേഷണ സമിതി റിപ്പോർട്ടും വിദ്യാർഥികളോട് മാപ്പ് പറയണമെന്ന ആവശ്യവും തള്ളിയതിന് പിന്നാലെയാണ് വിസിയുടെ പുതിയ നീക്കം.
മൂന്ന് മാസത്തിലേറെ നീണ്ട സമരവും സുപ്രീംകോടതി വരെ എത്തിയ നിയമപോരാട്ടവും 22 ദിവസത്തെ നിരാഹാര സമരവുമാണ് കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് നടത്തേണ്ടിവന്നത്. സ്വന്തം വിദ്യാർഥികളെ പ്രതിസ്ഥാനത്ത് നിർത്തിയ സർവകലാശാലയുടെ നിലപാടും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ സിംഗിൾ ബെഞ്ച് ഉത്തരവ് വിദ്യാർഥികൾക്ക് ആശ്വാസമായെങ്കിലും പുതിയ അപ്പീലിലൂടെ നിയമപോരാട്ടം വീണ്ടും തുടരുകയാണ്.



