തൈറോയ്ഡിന്‍റെ പ്രയാസങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായ അവബോധം നൽകി ഉചിതമായ ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രായഭേദമന്യേ ഒരുപാട് ആളുകൾ ഈ രോഗത്താൽ പ്രയാസപ്പെടുന്നുണ്ട്. തൈറോയ്ഡിന്‍റെ പ്രവർത്തനക്കുറവ് മൂലം ഉണ്ടാകുന്ന ഹൈപ്പോ തൈറോയ്ഡിസമാണ് ഇതിൽ ഏറ്റവും കൂടുതൽ. ശരീരഭാരം വർധിക്കൽ, ഉറക്കക്കൂടുതൽ, ബുദ്ധിമാന്ദ്യം തുടങ്ങിവയും ഇതുമായി ബന്ധപ്പെട്ട് കണ്ടുവരാറുണ്ട്. വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന തൈറോക്സിൻ ഗുളികയിലൂടെ ഹൈപ്പോതൈറോയ്ഡിസം നന്നായി സുഖപ്പെടുത്താനാകും. തൈറോയ്ഡ് ഗ്രന്ഥി അതിലെ ഹോർമോണായ തൈറോക്സിൻ ആവശ്യത്തിലധികം ഉത്പാദിപ്പിക്കുന്നതാണ് ഹൈപ്പർ തൈറോയ്ഡിസം. പലപ്പോഴും മരുന്നു കൊണ്ട് ഇത് ചികിത്സിച്ച് ഭേദമാക്കാനാകും. നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ ഗ്രന്ഥി നീക്കം ചെയ്യേണ്ടി വരും.
ഗോയിറ്റർ അഥവാ നോഡ്യൂൾ വരുന്നതും ഒരുപാട് പേർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രോഗാവസ്ഥയാണ്.
തൈറോയ്ഡ് മുഴകൾ കഴുത്തിൽ അഭംഗി ഉളവാക്കുന്നതും കൂടുതൽ കാലം ചികിത്സിക്കാതിരുന്നാൽ ദോഷഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഇത് കൂടുതലായും സ്ത്രീകളിലാണ് കാണപ്പെടുന്നത്. ഒരാൾക്ക് ഒന്നോ അതിലധികമോ മുഴകൾ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടെന്ന് കണ്ടാൽ സ്കാനിംഗ് പരിശോധനയും സൂചി പരിശോധനയും (FNAC) നടത്തണം. ഈ പരിശോധനയിൽ കാൻസർ സംശയമില്ലെങ്കിൽപ്പോലും മുഴയുടെ വലിപ്പം നാല് സെന്‍റീ മീറ്ററിൽ കൂടുതലാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരും. ഗ്രന്ഥി പകുതിയായോ പൂർണ്ണമായോ നീക്കം ചെയ്യണമെന്ന് (ഹെമിതൈറോയ്ഡക്ടമി/ ടോട്ടൽതൈറോയ്ഡക്ടമി) സർജൻ തീരുമാനിക്കുന്നത് ദേഹപരിശോധന, സ്കാനിംഗ്, FNAC എന്നിവയുടെ അടിസ്ഥാനത്തിലാണ്.
സാധാരണയായി തൈറോയ്ഡ് മുഴകൾ വന്നാൽ കഴുത്തിൽ വലിയ മുറിവുണ്ടാക്കുന്ന തുറന്ന ശസ്ത്രക്രിയകൾ മാത്രമേ ചെയ്യാറുള്ളൂ. ഇത് വളരെ വലിയൊരു മുറിപ്പാട് കഴുത്തിനു കുറുകെ അവശേഷിപ്പിക്കും. ഇത് പ്രത്യേകിച്ചും സ്ത്രീകളിൽ അസന്തുഷ്ടിയും അഭംഗിയും ഉളവാക്കുന്ന ഒന്നാണ്.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ചെയ്യുന്ന എൻഡോസ്ക്കോപ്പിക് തൈറോയ്ഡ് സർജറി കക്ഷത്തിനടുത്ത് വളരെ ചെറിയ മുറിവിലൂടെ ചെയ്യുന്നതിനാൽ പാടുകൾ തീരെയില്ല. ഹൈഡെഫനിഷൻ ക്യാമറയിലൂടെ വ്യക്തവും വലുതുമായ കാഴ്ച ലഭിക്കുന്നത് ശസ്ത്രക്രിയ സുരക്ഷിതവും പൂർണ്ണവും ആക്കുന്നു. ദശകൾക്കും പ്രധാന അവയവങ്ങൾക്കും ക്ഷതമുണ്ടാക്കാത്ത ആധുനിക സംവിധാനങ്ങളായ അൾട്രാസോണിക് സ്കാൽപൽ ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ഇത്തരം ശസ്ത്രക്രിയകൾ തുറന്ന് ചെയ്യുന്നതിനേക്കാൾ നല്ല ഫലപ്രാപ്തി നൽകുന്നുമുണ്ട്. കഴുത്തിലെ പ്രധാനപ്പെട്ട ഞരമ്പുകൾ സൂക്ഷ്മതയോടെ നിലനിർത്താനും ശബ്ദവ്യതിയാനം വരാതിരിക്കാനും ഇത് സഹായിക്കുന്നു. കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഗ്രന്ഥികളിലൂടെ രക്തയോട്ടം നഷ്ടപ്പെടാതെ സംരക്ഷിക്കാനും ക്യാമറയിലൂടെയുള്ള, വലിപ്പം കൂടിയ കാഴ്ച ഉപകരിക്കും. മുഴകൾ മാറ്റിയശേഷം ഒരു സഞ്ചിയിലിട്ട് പുറത്തേക്കെടുക്കുന്നു.
നാല് സെന്‍റീ മീറ്ററിൽ താഴെയുള്ള മുഴകൾ മാത്രമേ ഇത്തരം ശസ്ത്രക്രിയയിലൂടെ മാറ്റാൻ സാധിക്കൂ എന്നത് തെറ്റിദ്ധാരണയാണ്. പത്ത് സെന്‍റീമീറ്റർ വലിപ്പമുള്ള മുഴകൾ പോലും വളരെ സുരക്ഷിതമായി എൻഡോസ്ക്കോപ്പിക് മാർഗ്ഗത്തിലൂടെ മാറ്റാൻ സാധിക്കും. തൈറോയ്ഡ് സർജറിയിലും താക്കോൽദ്വാര ശസ്ത്രക്രിയയിലും ഒരുപോലെ പ്രാവീണ്യമുള്ള വിദഗ്ധനു മാത്രമേ ഇതു ചെയ്യാൻ സാധിക്കുകയുള്ളൂ. കാൻസർ ഉൾപ്പെടെ ഏതു തരത്തിലുള്ള മുഴകൾക്കും ഈ പ്രക്രിയ അവലംബിക്കാവുന്നതാണ്. ഒരുഭാഗത്ത് മാത്രം മുഴ നീക്കേണ്ടവരിൽ അതുമാത്രം നീക്കം ചെയ്യുന്നതിനാൽ പിന്നീട് അടുത്ത വശം നീക്കം ചെയ്യുന്നത് തുറന്നുള്ള ശസ്ത്രക്രിയയേക്കാൾ എളുപ്പവും സുരക്ഷിതത്വവുമാണെന്നത് എൻഡോസ്ക്കോപ്പിക് ശസ്ത്രക്രിയയുടെ നേട്ടമാണ്. മുഴകളുമായി ബന്ധപ്പെട്ടു വരുന്ന ലിംഫ് ഗ്രന്ഥികൾ മാറ്റാനും ഈ ശസ്ത്രക്രിയ സഹായിക്കും. പാരതൈറോയ്ഡ് ഗ്രന്ഥികൾക്ക് വരുന്ന അഡിനോമാ മുഴകൾക്കും എൻഡോസ്ക്കോപ്പിക് സർജറിയാണ് ഉത്തമം.
തൈറോയ്ഡ് പൂർണ്ണമായി മാറ്റപ്പെട്ടവർ തൈറോക്സിൻ ഗുളിക തുടർന്നു കഴിക്കേണ്ടതാണ്. എത്ര വർഷം കഴിച്ചാലും ഒരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്തതും വളരെ സുരക്ഷിതവുമാണ് തൈറോക്സിൻ. തൈറോയ്ഡിൽ കാൻസർ ബാധിച്ചാൽ ശസ്ത്രക്രിയാ ചികിത്സയാണ് ഉത്തമം. അതിനുശേഷം റേഡിയോ അയഡിൻ സ്കാനും അബ്ലേഷനും വേണ്ടിവന്നേക്കാം. മറ്റ് കാൻസറിനുള്ളതുപോലെ കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിങ്ങനെ ബുദ്ധിമുട്ടും പാർശ്വഫലങ്ങളും ഉള്ള ചികിത്സകൾ ആവശ്യം വരാറില്ല.
താക്കോൽദ്വാര ശസ്ത്രക്രിയയിൽ കഴുത്തിൽ മുറിവില്ലാത്തതിനാൽ രോഗിക്ക് എല്ലാത്തരം ജോലികളിലും വേഗം തന്നെ വ്യാപൃതരാകാവുന്നതാണ്. ശസ്ത്രക്രിയ നടന്നുവെന്ന് എല്ലാവരോടും സ്വമേധയാ വിളംബരം ചെയ്യുന്ന കലകൾ ഇല്ലാത്തത്, ഇക്കൂട്ടർക്ക് വളരെ ആത്്മവിശ്വാസവും സന്തോഷവും നൽകുന്നു.

ഡോ. ആർ. പത്മകുമാർ
ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്‍റ്
മിനിമലി ഇൻവേസിവ് സർജറി
വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റൽ, കൊച്ചി
drrpadmakumar@gmail.com
www.drrpadmakumar.com
99616 40000



