എറണാകുളം റൂറൽ ജില്ലയിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് പോലീസ് നവംബർ മാസം 17181 വാഹനഉടമകൾക്കെതിരെ നടപടിയെടുത്തു. നവംബർ ഒന്നുമുതൽ പതിനൊന്നുവരെയാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച 1017 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച ബസ്സുകൾ ഒഴികെയുള്ള 1038 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു .ഇതേ കാരണത്തിന് 278 ബസ്സുകൾക്കെതിരെയും നടപടി സ്വീകരിച്ചു .
ഗുരുതരമായ നിയമലംഘനം നടത്തിയ 25 ബസ്സുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു .ഗതാഗത നിയമലംഘനത്തിന് 66 പേരുടെ ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്യാൻ ശുപാർശ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച വാഹനങ്ങളുടെ രക്ഷകർത്താക്കളും ഇതിൽ പെടും. റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ 5 സബ്ഡിവിഷനുകളിലും പരിശോധന തുടരുകയാണ് .24 മണിക്കൂറും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്.
പ്രത്യേകപോലീസ് പെട്രോൾ സംഘങ്ങളും ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന് നിരത്തിലുണ്ട്. അതിർത്തികളിലും പരിശോധനയുണ്ട്.പോലീസ് നായയും പങ്കെടുക്കുന്നു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. നിയമലംഘകാർക്കെതിരെ കർശന സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



