അങ്കമാലി: എറണാകുളം–അങ്കമാലി അതിരൂപത വൈദികനും വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിരുന്ന മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി (83) നിര്യാതനായി. എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ്സ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഏതാനും ദിവസങ്ങളായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നോർത്ത് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ നടക്കും.
ബുധനാഴ്ച രാവിലെ 7.30ന് എടക്കുന്ന് പ്രീസ്റ്റ്സ് ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പ്രാർത്ഥനയ്ക്കുശേഷം രാവിലെ 8 മണിയോടെ തുറവൂരിലെ അച്ചന്റെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണിവരെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12.30 മുതൽ തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കും. 2.30ന് വിശുദ്ധ കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
അതിരൂപതയിലെ കൊരട്ടി പള്ളിയിൽ സഹവികാരിയായും മേക്കാട്, വല്ലം, കൊറ്റമം, കൈപ്പട്ടൂർ, വേങ്ങൂർ എന്നീ പള്ളികളിൽ വികാരിയായും മോൺ. ആൻറണി പുന്നശ്ശേരി സേവനം ചെയ്തിട്ടുണ്ട്. അതിരൂപത ചാൻസിലർ, മൈനർ സെമിനാരി അധ്യാപകൻ, വൈസ് റെക്ടർ, റെക്ടർ എന്നീ നിലകളിലും ശുശ്രൂഷ നിർവഹിച്ചു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ജോയിന്റ് ഡയറക്ടറായും പിന്നീട് ഡയറക്ടറായും പ്രവർത്തിച്ച അദ്ദേഹം മൂക്കന്നൂർ സി.എസ്.ടി ആശ്രമത്തിൽ സ്പിരിച്വൽ ഫാദറായും ലിസി ആശുപത്രിയിൽ സ്പിരിച്വൽ ഫാദറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാതാപിതാക്കൾ: ഇയോബ്, ത്രേസ്യ.
സഹോദരങ്ങൾ: അബ്രഹാം, അന്നം, സി. ഓസിയ FCC, സി. ഗ്രാസിയ FCC.



