കാലടി: പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ്. ഓരോ സെമസ്റ്ററിലും ഒരു പ്രോജക്ട് ചെയ്യുകയോ പ്രായോഗിക അനുഭവം നേടുകയോ വേണമെന്നും എല്ലാ മാസവും പുതിയൊരു എഐ ടൂൾ പഠിക്കണമെന്നും അവർ നിർദേശിച്ചു. കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ 2026 ബാച്ചിലെ ബിടെക്, എംടെക്, എംബിഎ, എംസിഎ വിദ്യാർത്ഥികളുടെ സംഗമം ‘ഉപനയന 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
പഠനത്തോടൊപ്പം സന്നദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രായോഗിക അനുഭവങ്ങൾ വിദ്യാർത്ഥികൾ നേടണം. ഇത്തരം അനുഭവങ്ങൾ അറിവിനൊപ്പം വിവേകവും പ്രായോഗിക ജ്ഞാനവും വളർത്താൻ സഹായിക്കും. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ സുസ്ഥിരത, സാമൂഹിക സേവനം, ആത്മീയത എന്നീ മൂന്ന് ഘടകങ്ങൾ പരിഗണിക്കണമെന്നും, വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും തീരുമാനങ്ങളിൽ സമൂഹത്തിന്റെയും പ്രകൃതിയുടെയും ഭാവിതലമുറയുടെയും താൽപര്യങ്ങൾ കൂടി പരിഗണിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ശൃംഗേരി ദക്ഷിണാമ്‌നായ ശ്രീശാരദാ പീഠം ജഗദ്ഗുരു ശ്രീ വിധുശേഖര ഭാരതി സന്നിധാനം ഓൺലൈനായി നടത്തിയ അനുഗ്രഹ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സിഇഒ ഡോ. എം. രാമസ്വാമി അധ്യക്ഷത വഹിച്ചു. ഐഇഎസ്എ, സിഎംഡി യൂണിവിഷൻ ടെക്നോളജി സൊല്യൂഷൻസ് ചെയർമാൻ ഡോ. വി. വീരപ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം. എസ്. മുരളി, ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ബോർഡ് അംഗം കരിമ്പുഴ രാമൻ, സിഒഒ സ്‌ക്വാഡ്രൺ ലീഡർ ആർ. ശങ്കര സുബ്രഹ്‌മണ്യൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. എ. ശ്രീനിവാസ, മനുഷ്യാവകാശ പ്രവർത്തകനും മുൻ ഐടി കോർപ്പറേറ്റ് പ്രൊഫഷണലുമായ എസ്. ജയരാമൻ, ചീഫ് ടെക്നോളജി ഓഫീസർ പി. വി. രാജാരാമൻ, ഡീൻ റിസർച്ച് ഡോ. ശ്രീപ്രിയ, പൂർവവിദ്യാർഥി എക്‌സിക്യൂട്ടീവ് ട്രഷറർ പ്രൊഫ. കെ. ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു



