അങ്കമാലി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്.
അഞ്ചാം തീയതി രാവിലെ 9 മണിയോടെയാണ് സംഭവം. കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിൻ്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്ത് റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുൻപേ കരുതി വച്ചിരുന്നു. റോസിലി മാനസിക വിഭ്രാന്തിയ്ക്ക് ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലി ആശുപത്രിയില്‍ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിവൈഎസ്പി റ്റി. ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ് , എസ് ഐ മാരായ കെ.പ്രദീപ്കുമാർ, ബിജീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.



