തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു പുറത്തുള്ള ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം.
ഇന്നു രാവിലെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഇവര്‍ വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. പരാതി നല്‍കിയ ശേഷം ഇവര്‍ കൊച്ചിയിലേക്കു മടങ്ങിയെന്ന തരത്തിലാണു വാര്‍ത്ത വന്നത്. പിന്നീടാണു തിരുവനന്തപുരത്തു തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു നാലു ദിവസമായി സിനിമാ ഷൂട്ടിങ്ങിനായി ഇവര്‍ പൂവാറില്‍ ഉണ്ടായിരുന്നുവെന്നു സ്ഥലവാസി പറഞ്ഞു. മൊണാലിസ പിതാവിനൊപ്പം ജയകുമാര്‍ എന്ന ആളിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ സ്‌റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്. തുടര്‍ന്ന് ജയകുമാറിനെ വിവരം അറിയിക്കുകയും അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയുമായിരുന്നു.
ജയകുമാറിന്റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസയും പിതാവും ഇവിടെ എത്തിയിരുന്നത്. ഇന്നു മൊണാലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയായും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു.
രണ്ട് സ്വതന്ത്ര വ്യക്തികളെന്ന നിലയില്‍ അവര്‍ ഒന്നിക്കുന്നു എന്നായിരുന്നു ചടങ്ങിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറി എന്നാണു മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ പറഞ്ഞത്. ഒന്നര വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു.പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി മൊണാലിസ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി നല്‍കിയശേഷം ഇരുവരും മടങ്ങുകയായിരുന്നു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.



