കാലടി: എറണാകുളം ജില്ലയിലെ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് കൊല്ലക്കോട് പന്നൻചിറ പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. പ്രദേശവാസികളായ പാലാട്ടി ജിപ്‌സി ഡേവിസ്, ഒ.വി തോമസ് ഒലിയപ്പുറം, വഴിയാത്രക്കാരനായ ഉപ്പുകല്ല് സ്വദേശി സാജു കക്കാട്ടുപ്പിള്ളി എന്നിവർക്കാണ് പരിക്ക്. അയ്യമ്പുഴ റൂട്ടിൽ പന്നൻചിറ പ്രദേശത്ത് വച്ച് കഴിഞ്ഞദിവസം രാത്രി 9.30 നാണ് സംഭവം. റോഡിന്റെ ഇരു വശങ്ങളിലുമായി അഞ്ച് ആനയാണ് സഞ്ചാരം നടത്തിയിരുന്നത്. റോസിന്റെ ഒരു സൈഡിൽ നാല് ആനയും, മറു വശത്ത് ഒരു ആനയുമാണ് ഉണ്ടായിരുന്നത്. വഴിയാത്രികന് നേരെ ആന തിരികെ വരുന്നത് കണ്ട് മൂന്ന് പേരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണാണ് പരിക്ക് സംഭവിച്ചത്. ജിപ്‌സിയുടെ കൈക്കും, കാലിനും സാരമായ പരിക്കുണ്ട്. തോമസിന്റെ കൈക്കും, കണ്ണിനും, വയറിനും, സാജുവിന്റെ കൈക്കും ഗുരുതര പരിക്കുണ്ട്.
കുട്ടിയാന ഉൾപ്പെടെ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവാണ്. അയ്യമ്പുഴ പഞ്ചായത്തിലെ 6,7,8 വാർഡുകളിലാണ് ആനയുടെ സഞ്ചാരം. പകൽ സമയത്ത് മുളകാടുകളിലും സന്ധ്യ മയങ്ങുന്നതോടെ ജനവാസമേഖലയിലേക്കും, കൃഷിയിടങളിലേക്കും ഇറങ്ങും. ഈ പ്രദേശത്തെ കർഷകരുടെ കൃഷി നശിപ്പിച്ചിട്ടുണ്ട്. ആക്രമ സ്വഭാവമുള്ള ഒരു കൊമ്പൻ കാടിറങ്ങിയ കാട്ടാന കൂട്ടത്തിൽ ഉണ്ടെന്നാന്ന് വനപാലകർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂട്ടർ യാത്രികന് പരിക്ക് സംഭവിച്ചിരുന്നു. അതിന് മുൻപ് കടുകുളങ്ങര കണ്ണിമംഗലം റൂട്ടിൽ എറെ നേരം സഞ്ചാരം തടസപ്പെടുത്തിയിരുന്നു. കടുകുളങ്ങര പട്ടിപ്പാറ ഫോറസ്റ്റ് ഭാഗത്ത് നിന്നാണ് ആന ഇറങ്ങുന്നത്. വനപാലകരും, ഫോറസ്റ്റ് ഉദ്യേഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ഇവിടെ നിന്നും ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർക്കാണ് ഇതു മൂലം ദുരിതമനുഭവിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഒരാഴ്ച കാലമായി അയ്യമ്പുഴ പഞ്ചായത്തിലെ ജനങ്ങൾ ആനയുടെ ആക്രമണത്തെ ഭയന്നാണ് ജീവിക്കുന്നത്. ജനത്തിന്റെ ജീവന് ഭീഷണിയാകുന്ന ഈ പ്രശ്‌നത്തിന് ഉടനടി ശാശ്വത പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.