കാലടി: മന്ത്രിതലത്തിലും വിവിധ വകുപ്പുതലത്തിലും ഏറെ ചർച്ചകൾക്ക് ശേഷം കാലടിയിൽ സ്ഥാപിച്ച മീഡിയൻ പ്രോജക്ടിൽ നിന്നും പിന്മാറാൻ ഒരുങ്ങി കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ (ട്രാക്). കഴിഞ്ഞ മെയ് മാസത്തിൽ ഗതാഗത വകുപ്പ് മന്ത്രി മുൻകൈ എടുത്ത് കാലടിയിൽ വിളിച്ചു കൂട്ടിയ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എടുത്ത തീരുമാനമായിരുന്നു കാലടി പാലം മുതൽ മറ്റൂർ വരെ മീഡിയൻ സ്ഥാപിക്കുക എന്നത്. ഇതോടൊപ്പം തന്നെ കാലടി ഗ്രാമപഞ്ചായത്ത് ട്രാഫിക് കമ്മിറ്റി വിളിച്ചു ചേർക്കുകയും കാലടിയിലെ ഗതാഗത പരിഷ്‌കാരങ്ങൾക്കായി 33 തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ഇതിലെ പ്രധാന തീരുമാനവും മീഡിയൻ സ്ഥാപിക്കുന്നതായിരുന്നു.
ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകുയും മന്ത്രിയുടെ കാലടി സന്ദർശനത്തിനും, യോഗം വിളിച്ചു ചേർക്കുന്നതിനും മുകൈ എടുത്ത ട്രാക്കിനൈ മീഡിയൻ സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സ്‌പോൺസർമാരെ കണ്ടെത്തി മീഡിയൻ സ്ഥാപിക്കുന്നതിനുള്ള ചെലവ് കണ്ടെത്താനായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അതനുസരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ട്രാക് കാലടി പാലം മുതൽ മറ്റൂർ എച്ച്. പി. പെട്രോൾ പമ്പ് വരെ ഏകദേശം 2 കിലോമീറ്റർ ദൂരം 380 മീഡിയനുകൾ സ്ഥാപിച്ചു. മീഡിയന് പുറമേ, റീഫ്‌ലക്ടർ ബോർഡുകൾ, എല്ലാ മീഡിയനുകൾക്ക് മുകളിൽ റീഫ്‌ലക്ടറുകൾ, മുന്നറിയിപ്പിനായി റീഫ്‌ലക്ടറുകൾ പതിച്ച ഡ്രംമ്മുകളും, പി. വി. സി. സ്പ്രിംഗ് സ്റ്റാന്റുകളും, സോളാർ ബ്ലിങ്കിങ് ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചിരുന്നു. ഏകദേശം 20 ലക്ഷം രൂപ ചെലവിലാണ് ഇവയെല്ലാം സ്ഥാപിച്ചത്. മീഡിയനുകൾ സ്ഥാപിച്ച ശേഷം കാലടിയിലെ ഗതാഗത കുരുക്കിന് നല്ലൊരു ശമനം ഉണ്ടാകുകയും, വാഹനങ്ങൾ ഗതാഗത അച്ചടക്കം ശീലിക്കുകയും ചെയ്തു.
എന്നാൽ സ്ഥാപിച്ചതിൽ ഭൂരിഭാഗം മീഡിയനുകളും അനുബന്ധ സാമഗ്രികളും അശ്രദ്ധമായ ഡ്രൈവിംഗ് മൂലവും, എം.സി. റോഡിലെ വെളിച്ചക്കുറവ് മൂലവും തകർന്ന് പോയി. മീഡിയൻ വാഹനങ്ങൾ ഇടിച്ചു പോകുന്ന സംഭവങ്ങൾ നടന്നിട്ടുള്ളത് ഏറെയും രാത്രികാലങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്.
സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത സ്ഥലങ്ങളിലും, സ്ട്രീറ്റ് ലൈറ്റ് കേടായ സ്ഥലങ്ങളിലും അവ സ്ഥാപിക്കണമെന്ന് അതിന് ചുമതലപ്പെട്ട പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇത് വരെ നടന്നിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ തിരിഞ്ഞു നോക്കുകയോ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. പി. ഡബ്ല്യൂ. ഡി. ചെയ്ത് തരേണ്ട സെൻട്രൽ ലൈൻ മാർക്കിങ്, സൂചന ബോർഡുകൾ സ്ഥാപിക്കൽ എന്നിവ യഥാസമയം ചെയ്ത് തരാത്തതും ഒരു പരിധി വരെ അപകടങ്ങൾക്ക് വഴിയൊരുക്കി.
മീഡിയൻ തകർത്ത വാഹനങ്ങൾ നിർത്താതെ പോകുകയും, ആ വാഹനങ്ങളെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല. സി. സി. ടി. വി. വഴി കണ്ടെത്തിയ വാഹന ഉടമകളെ കണ്ടെത്തി തരണമെന്ന് രേഖമൂലം ആവശ്യപ്പെട്ടിട്ടും അവരെ കണ്ടെത്താനോ നഷ്ടപരിഹാരം ഈടാക്കാനോ യാതൊരു സഹായവും ആരുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കാലടി പഞ്ചായത്ത് വിളിച്ചു ചേർത്ത ട്രാഫിക് കമ്മിറ്റിയിൽ 33 പരിഷ്‌കാരങ്ങൾ ജൂൺ 3 മുതൽ നടപ്പാക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും, മീഡിയൻ സ്ഥാപിക്കുന്ന നടപടി മാത്രമാണ് ഇതുവരെ നടന്നത്. വൺവേ ക്രമീകരിക്കൽ, ടൗണിലെ പാർക്കിംഗ് നിരോധനം, ബസ് സ്റ്റോപ്പുകൾ, ഓട്ടോ സ്റ്റാന്റുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ തീരുമാനത്തിൽ മാത്രം ഒതുങ്ങി. പരസ്യങ്ങളിലൂടെ സ്‌പോൺസർമാരെ കണ്ടെത്തിയിരുന്നെങ്കിലും, മീഡിയനുകൾ നിരന്തരം തകർന്ന് പോകുന്നുന്നതിനാൽ അവരെല്ലാം പിന്നോട്ട് പോകുന്ന സാഹചര്യവും ഉണ്ടായി.
മീഡിയനുകൾ തകർന്ന് പോയതിനുശേഷം കാലടിയിൽ വീണ്ടും ഗതാഗത കുരുക്ക് തലപൊക്കി തുടങ്ങിയിട്ടുണ്ട്. ട്രാഫിക് അച്ചടക്കവും ലംഘിക്കപ്പെട്ടു തുടങ്ങി. ഇനിയും ലക്ഷങ്ങൾ മുടക്കി മീഡിയനുകൾ പുനസ്ഥാപിച്ചാലും ഇതേ അനുഭവം ആയിരിക്കുമെന്നതിൽ സംശയമില്ല.
ഈ സാഹചര്യത്തിലാണ് ഈമാസം 31 ന് മുമ്പ് എല്ലാ വകുപ്പുകളിൽ നിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പദ്ധതിയിൽ നിന്നും പിന്മാറുമെന്ന് കാണിച്ച് പൊതുമരമാത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ട്രാക് കത്ത് നൽകിയിട്ടുള്ളത്. കത്തിന്റെ പകർപ്പ് ഗതാഗത വകുപ്പ് മന്ത്രി, എം. എൽ. എ., ഗ്രാമപഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ്, പോലീസ് ഇൻസ്പെക്ടർ എന്നിവർക്കും അയച്ചിട്ടുണ്ട്.
ഈ തിയതിക്ക് മുമ്പ് തീരുമാനമുണ്ടായില്ലായെങ്കിൽ അവശേഷിക്കുന്ന മീഡിയനുകൾ അഴിച്ച് മാറ്റാനും നിർബന്ധിതമാകും എന്ന് കൂടി കത്തിൽ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പൊതു സമൂഹത്തിന് മൊത്തത്തിൽ ഗുണകരമാകുന്ന ഒരു പദ്ധതിയിൽ പങ്കാളികളാകാൻ കാലടിയിൽ മാത്രം ഒതുങ്ങുന്ന ഒരു റെസിഡന്റ്സ് അസോസിയേഷന് കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും പ്രസിഡന്റ് കെ. വി. ടോളിൻ ഒപ്പ് വച്ച കത്തിലൂടെ പങ്കുവക്കുന്നുണ്ട്.