കാലടി: കാലടി മാണിക്കമംഗലം സെന്റ്: ക്ലെയർ ബധിര വിദ്യാലയത്തിന് അഭിമാന നേട്ടം. ബ്രസീലിൽ നടക്കുന്ന വേൾഡ് ഡഫ് യൂത്ത് ലീഗിൽ ബാസ്‌ക്കറ്റ് ബോൾ മത്സരത്തിൽ സ്‌കൂളിലെ നാല് വിദ്യാർത്ഥികൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. കാർത്തിക് അനൂപ് നായർ, മുഹമദ് നിസാമുദീൻ, സുഭിത്ത് കൃഷ്ണൻ, ജീസസ് ജോസഫ് സെബാസ്റ്റിയൻ എന്നി വിദ്യാർത്ഥികളാണ് ഇന്ത്യയ്ക്ക് വേണ്ടി ജഴ്‌സി അണിയണത്. ദേശീയ ബാസ്‌ക്കറ്റ് ബോൾ ടീമിലേക്ക് കേരളത്തിൽ നിന്നും ഇവർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു സ്‌കൂളിൽ നിന്നും 4 പേർ ഒരേ സമയം ഇന്ത്യക്കുവേണ്ടി കളിക്കുന്നുവെന്ന അപൂർവ്വതയും സെന്റ്. ക്ലെയറിനുണ്ട്.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബ്ലാംഗ്ലൂരിൽ നടന്ന സെലക്ഷനിലാണ് ഇവർ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 14 മുതൽ 22 വരെയാണ് ബ്രസീലിൽ മത്സരം നടക്കുന്നത്. സ്‌കൂളിന് ഇത് അഭിമാന നേട്ടമാണെന്ന് ഹെഡ്മിസ്ട്രസ് ഫിൻസിറ്റ പറഞ്ഞു. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ സെന്റ്: ക്ലെയർ സ്‌കൂൾ മികച്ച പ്രകടനങ്ങളാണ് കാഴ്ച്ച വച്ചിരിക്കുന്നത്. കോച്ച് ജോസഫിന് കീഴിലാണ് കുട്ടികൾ പരിശീലനം നേടുന്നത്.
കേരളത്തിലെ മികച്ച ബധിര വിദ്യാലയമാണ് സെന്റ്. ക്ലെയർ. സംസ്ഥനത്തിനകത്തും, പുറത്തും നിന്നുമായി 240 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.