കൊച്ചി: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിനു ജന്മനാട്ടിൽ ശനിയാഴ്ച്ച വരവേൽപ്. ശനിയാഴ്ച്ച
രാവിലെ 9 നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന സജീഷ് ടോമിനെ അദ്ദേഹം നേരത്തെ ദീര്‍ഘകാലം നേതൃരംഗത്തു പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ ലൈഫ് കമ്യൂണിറ്റി (സി.എല്‍.സി) സംഘടനയിലെ ആദ്യകാല സഹപ്രവര്‍ത്തകരും സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും സ്വീകരിക്കും.
തെക്കൻ ഇംഗ്ലണ്ടിലെ ഹാംഷയർ കൗണ്ടി കൗൺസിലർ കൂടിയായ സജീഷ് ടോം കോട്ടയം ജില്ലയിൽ വൈക്കം സ്വദേശിയാണ്. എറണാകുളം ജില്ലയിൽ ഉദയംപേരൂർ സൗത്ത് പറവൂരിലാണു നിലവിൽ വീടുള്ളത്. ബ്രിട്ടനിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം ബേസിംഗ്സ്റ്റോക്ക് ആന്‍ഡ് ഡീന്‍ ബറോ കൗണ്‍സിലിലേക്ക് 2021-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026-ല്‍ ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഒരേ സമയം കൗണ്ടി, ബറോ കൗണ്‍സിലുകളിൽ അംഗമാകുന്ന ആദ്യ മലയാളിയാണ്.
കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ 12ന് ഉച്ചകഴിഞ്ഞു മൂന്നിനു സജീഷ് ടോമിനു സ്വീകരണം നൽകും. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിക്കും. മനോജ് മൂത്തേടൻ എംഎൽഎ, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ തുടങ്ങിയവർ പ്രസംഗിക്കും. സിഎൽസിയുടെയും കേരള സഭയിലെയും വൈദിക, അല്മായ പ്രതിനിധികൾ പങ്കെടുക്കും.
–



