കാലടി: കാലടിയിൽ കെ എസ് യു നേതാവിന്റെ വീട്ടിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിട്ടും കോൺഗ്രസ് നേതൃത്വം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാത്തതിൽ കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിട്ടും കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ അനിസൻ കെ. ജോയിയുടെ വീട്ടിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അനിസനും മാതാപിതാക്കൾക്കും മർദനമേറ്റിരുന്നു.
ശ്രീശങ്കര കോളേജിലുണ്ടായ സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് അനിസന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ കെ എസ് യു പ്രവർത്തകർ തങ്ങളെ ആക്രമിക്കാനെത്തിയെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം.
സംഭവത്തിൽ ഡിവൈഎഫ്ഐയും സിപിഎമ്മും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. എന്നാൽ സ്വന്തം നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്’ എന്ന വിമർശനവും ഒരു വിഭാഗം കെ എസ് യു പ്രവർത്തകർ ഉയർത്തുന്നു. ഒരു പത്രകുറിപ്പിറക്കുക മാത്രമാണ് കോൺഗ്രസ് ചെയ്തിരിക്കുന്നത്
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ മണ്ഡലത്തിലാണ് ആക്രമണം നടന്നതെന്നതും ശക്തമായ രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. തുടർച്ചയായി ഏഴാം വർഷവും ശ്രീശങ്കര കോളേജ് യൂണിയൻ കെ എസ് യു
പിടിച്ചെടുത്തിരിക്കുകയാണ്. ഒരുകാലത്ത് എസ്എഫ്ഐയുടെ ശക്തികേന്ദ്രമായിരുന്ന കോളേജിൽ കെ എസ് യുവിന് തിരിച്ചുവരവ് സാധ്യമാക്കുന്നതിൽ അനിസന്റെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നുവെന്നാണ് കെ എസ് യു പ്രവർത്തകർ പറയുന്നത്. ഇടതുപക്ഷം അനിസനെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ പോലും കോൺഗ്രസ് പ്രവർത്തകർ തെയ്യാറായിട്ടില്ല.
എസ്എഫ്ഐയുടെ കോട്ടയായിരുന്ന കോളേജിൽ കെ എസ് യു തുടർച്ചയായി ഏഴ് വർഷം യൂണിയൻ നേടിയിട്ടും, സ്വന്തം നേതാവിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വം പ്രതിഷേധിക്കാൻ പോലും തയ്യാറാകാത്തത് പ്രവർത്തകർക്കിടയിൽ കടുത്ത ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.



