ആലുവ: അപകടം വിതയ്ക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഇത്തരം ലോണുകളുടെ പിന്നാലെ പോയി ചതിയിൽപ്പെടുന്നുവരുടെ എണ്ണം കൂടുകയാണ്. ഇത്തരം ഒൺലൈൻ ഏജൻസികൾ സാധാരണ ഗതിയിൽ ഏഴു ദിവസത്തേക്കാണ് ലോൺ അനുവദിക്കുന്നത്. അയ്യായിരം രൂപ ലോൺ ആവശ്യപ്പെടുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് ശരാശരി മൂവായിരം മുതൽ മൂവായിരത്തി അഞ്ഞുറു രൂപ വരെയാണ് വരുന്നത്. അയ്യായിരം രൂപയ്ക്ക് ഏഴു ദിവസത്തേക്ക് ആയിരത്തിയഞ്ഞൂറു രൂപ വരെ പലിശ. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.
ലോൺ അനുവദിക്കുന്നതിന് ഏജൻസി നിർദ്ദേശിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്യാലറി, മെസേജ് ഇവയും സ്വന്തമാക്കും. ലോൺ അടക്കാതെ വന്നാൽ മൊബൈലിലുള്ള നമ്പറിലേക്ക് ലോൺ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണി സന്ദേശം ആദ്യം അയക്കും. തുടർന്ന് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളും, ലോൺ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും, ഫോണിൽ നിന്ന് കവർന്നെടുത്ത നമ്പറുകളിലേക്കും അയക്കും. ഇതിലൂടെ ലോൺ എടുത്തയാൾ മാനസികമായി തകരുകയുമാണ് ചെയ്യുന്നത്.
ഇനി ലോൺ അടയ്ക്കാൻ കഴിയില്ലെങ്കിൽ സമാനമായി ലോൺ തരുന്ന ആപ്പുകളെ പരിജയപ്പെടുത്തി നൽകുകയും അവരിലൂടെ പുതിയ ലോൺ എടുക്കാൻ പ്രേരിപ്പിക്കുകയും കൂടുതൽ ബാധ്യതക്കാരായി തീർക്കുകയുമാണ് ചെയ്യുന്നത്. എത്ര തുക അടച്ചാലും ഇത്തരം ലോൺ തീരുന്നതിനുള്ള സാധ്യത കുറവാണെന്നതാണ് മറ്റൊരു സംഗതി. വിദേശനിർമ്മിത ആപ്പുകളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ബന്ധപ്പെടാൻ ഉപയോഗിക്കുന്നത് വ്യാജ മൊബൈൽ നമ്പറും. ഒൺലൈൻ ലോണുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് ഓർമ്മിപ്പിക്കുന്നു.
ലോൺ ആപ്പ് സംബന്ധിച്ച് പരാതിയുള്ളവർക്ക് 9497980900 എന്ന നമ്പറിൽ അക്കാര്യം അറിയിക്കാം. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, ശബ്ദസന്ദേശം എന്നിവയായി പരാതി നൽകാം. സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനുള്ള 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ട് വിളിച്ചും വിവരങ്ങൾ നൽകാവുന്നതാണ്.