കാലടി: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കൊറ്റമത്ത് താമസിക്കുന്ന ഇമ്പദുരൈയ്ക്ക് ലഭിച്ചു. കൊറ്റമം കീർത്തി ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇമ്പദുരൈ (24). കൊറ്റമത്ത് ലോട്ടറി കച്ചവടം നടത്തുന്ന കളമ്പാട്ടുപുരം കുറിയേടം പൗലോസിൽ നിന്നാണ് ഇമ്പദുരൈ 2 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. അതിൽ ഒന്നിലാണ് ഭാഗ്യം ഒളിഞ്ഞിരുന്നത്.
ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ഇമ്പദുരൈ വാങ്ങാറുണ്ട്. ചെറിയ സമ്മാനങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പണം കിട്ടിയാൽ നാട്ടിൽ ഒരു വീട് വയ്ക്കണമെന്നും ഒരു ബിസിനസ് ആരംഭിക്കണമെന്നുമാണ് ഇമ്പദുരൈയുടെ ആഗ്രഹം. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഫെഡറൽ ബാങ്ക് കാലടി ശാഖയിൽ ഏൽപിച്ചു.
തമിഴ്നാട്ടിലെ കടൈവാങ്കലിൽ ഒരു ചെറിയ വീട്ടിലാണ് ഇമ്പദുരൈയും കുടുംബവും താമസിക്കുന്നത്. അമ്മയും ഒരു സഹോദരനും 2 സഹോദരിമാരുമുണ്ട്. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. പിതാവ് മരിച്ചു. 7 വർഷമായി കേരളത്തിൽ ജോലി ചെയ്യുന്നു. കൊറ്റമത്തെ കീർത്തി ഫർണിച്ചർ നിർമാണ സ്ഥാപനത്തിൽ 6 വർഷം മുൻപ് ഹെൽപർ ആയാണ് ജോലി ആരംഭിച്ചത്. ഇപ്പോൾ അവിടെ പ്രൊഡക്‌ഷൻ ഇൻ ചാർജ് ആണ്.
കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നാണ് ഇമ്പദുരൈയ്ക്ക് ലോട്ടറി നൽകിയ പൗലോസ് ടിക്കറ്റുകൾ വാങ്ങിയത്. 20 പേർക്കാണ് ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ലഭിക്കുന്നത്.