ന്യൂഡൽഹി: വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റമാണെന്ന് രാജ്യസഭയിലും ആവർത്തിച്ച് വനം മന്ത്രി ഭൂപേന്ദ്ര യാദവ്. വിദഗ്ധ സമിതി റിപ്പോർട്ടുകളുടെയും മാധ്യമ വാർത്തകളുടേയും അടിസ്ഥാനത്തിലാണ് സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താൻ അപമാനിച്ചെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശം രേഖകളിൽ നിന്നും മാറ്റണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ദുരന്തത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ അമിത്ഷായും, ഭൂപേന്ദ്ര യാദവും കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി സഭയില്‍ ആരോപിച്ചിരുന്നു.
വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിച്ചുളള ചോദ്യത്തിന് മറുപടിയായാണ് വനം മന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയത്. പരിസ്ഥിതി ലോല മേഖലയിൽ കയ്യേവും ഖനനവും നടക്കുന്നതിനാലാണ് ദുരന്തമുണ്ടായതെന്നായിരുന്നു വനം മന്ത്രിയുടെ പരാമർശം. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണം. പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നു.വിനോദസഞ്ചാരത്തിനായി പോലും ശരിയായ സോണുകൾ ഉണ്ടാക്കിയിട്ടില്ലെന്നും ഭുപേന്ദ്ര യാദവ് കുറ്റപ്പെടുത്തിയിരുന്നു..