തൃശൂര്‍:അമിത വേഗതയിലെത്തിയ ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എസ്.എഫ്.ഐ നേതാവിന് ദാരുണാന്ത്യം. എസ്.എഫ്.ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എം.ഡി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയുമായ പഴഞ്ഞി ചെറുതുരുത്തി മണ്ടുംപാല്‍ വീട്ടില്‍ അനില്‍കുമാര്‍ – മാലതി ദമ്പതികളുടെ മകള്‍ അപര്‍ണ (18) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11ന് ചൊവ്വന്നൂര്‍ പന്തല്ലൂരിലാണ് അപകടമുണ്ടായത്. എസ്.എഫ്.ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തും സമ്മേളന പ്രതിനിധിയുമായ അക്ഷയിന്റെ ബൈക്കില്‍ കുന്നംകുളത്ത് നിന്നും ചൊവ്വന്നൂര്‍ പാടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ അപര്‍ണയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. തലച്ചോര്‍ തകര്‍ന്ന് അപര്‍ണ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. റോഡരികിലേക്ക് വീണ അക്ഷയിയുടെ കാലില്‍ നിസാര പരുക്കേറ്റു. സമ്മേളന സ്ഥലത്തിനടുത്താണ് അപകടം നടന്നത്. അപര്‍ണയുടെ മരണത്തെ തുടര്‍ന്ന് സമ്മേളനം മാറ്റിവച്ചതായി നേതാക്കള്‍ അറിയിച്ചു. പഴഞ്ഞി എം.ഡി കോളേജിലെ എസ്.എഫ്.ഐയിലും നാട്ടിലെ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും സജീവ പ്രവര്‍ത്തക കൂടിയായിരുന്നു അപര്‍ണ.