കാലടി: ആദി ശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശ്രീശങ്കര പുരസ്‌കാരം ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്. സോമനാഥിന്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് 2.30ന് കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദി ശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് പുരസ്‌കാരം നൽകും. സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപാ ചന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് ബിജു ജനാർദ്ദനൻ, ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.ശ്രീപ്രിയ, ആദി ശങ്കര ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.എൻ.കെ.അർജുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്ത്യയ്ക്ക് അഭിമാനമായ ചന്ദ്രയാൻ, ആദിത്യ എൽ – 1 തുടങ്ങിയ ബഹിരാകാശ പര്യവേഷണ പദ്ധതികൾക്ക് നൽകുന്ന നേതൃത്വ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അറിയിച്ചു. ഗായിക കെ.എസ് ചിത്ര, ചെസ് ചാമ്പ്യൻ പ്രഗ്‌നാനന്ദ, നടൻ വിനീത്, ഗായകൻ എൻ. വേണുഗോപാൽ തുടങ്ങിയവർ മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.
പുരസ്‌കാര ദാനത്തോടനുബന്ധിച്ച് ശ്രീ ശാരദാ വിദ്യാലയത്തിലെ ശാസ്ത്ര ഗവേഷണ വിഭാഗമായ ശാരദ പ്രോഗ്രസീവ് അഡ്വാൻസ്ഡ് റിസർച്ച് കോളേബൊറേഷൻ (sparc) ഉദ്ഘാടനം ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.എസ്. സോമനാഥ് നിർവ്വഹിക്കും. വിവിധ ക്വിസ്, ഇന്റർ സ്‌കൂൾ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നൽകും.