പെരുമ്പൂവാർ: താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. അസം നൗഗാവ് സ്വദേശി ഹാറൂൺ റഷീദ് ആണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിൽ ആയത്. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനു, ഇന്റലിജിൻസ് ബ്യൂറോ അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.എൻ അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതി വാടകയ്ക്ക് താമസിക്കുന്ന കുറ്റിപ്പാടത്തെ വീട്ടുമുറ്റത്ത് മൂന്ന് കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തി വരുന്നതായി ശ്രദ്ധയിൽപ്പെട്ടു.
107 സെന്റീമീറ്റർ, 100 സെന്റീമീറ്റർ, 34 സെന്റീമീറ്റർ എന്നിങ്ങനെ ഉയരത്തിലുള്ള കഞ്ചാവ് ചെടികൾ മറ്റ് കൃഷികളോടൊപ്പം ആണ് പ്രതി നട്ടുവളർത്തി വന്നത്. ഏകദേശം ഒന്നര മാസത്തെ പ്രായമുള്ള കഞ്ചാവ് ചെടികളാണ് ഇവ. പ്രദേശവാസിയായ സുലൈമാൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ കെട്ടിടം. ഇവിടെ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി പ്രതിവാടകയ്ക്ക് താമസിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പ്രദേശത്തെ ബാർബർ തൊഴിലാളിയാണ് പ്രതി. താൻ തന്നെയാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത് എന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വരാവുന്ന കുറ്റമാണ് ഇയാൾ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് കൂടുതൽ അന്വേഷണം നടത്തുമെന്ന് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനു വ്യക്തമാക്കി.