പെരുമ്പാവൂർ : നാലാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ബസിന് അടിയിൽപ്പെട്ട സംഭവത്തിൽ പ്രതിയായ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. പെരുമ്പാവൂർ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 12-ന് ഒക്കലിലാണ് സംഭവം. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോഴാണ് ബസ് അശ്രദ്ധമായി മുന്നോട്ടെടുത്തത്. ബസിന്റെ അടിയിൽ ഇരുവശങ്ങളിലെയും ചക്രങ്ങൾക്ക് നടുവിൽ വീണതിനാൽ കുട്ടി കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടി വീണതറിയാതെ ബസ് ഓടിച്ചുപോയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയും വാഹനാപകടത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ബസിൽ നിന്നിറങ്ങുന്ന കുട്ടികൾ റോഡിന്റെ മറുവശത്തേക്കാണ് പോകേണ്ടതെങ്കിൽ ആയ ബസിൽ നിന്നിറങ്ങി കുട്ടികളെ മറുവശത്തേക്ക് എത്തിച്ച് തിരിച്ചുകയറിയതിനു ശേഷമേ ബസ് മുന്നോട്ടെടുക്കാവൂ എന്നാണ് നിയമം. ബസിൽ ആയ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
ചട്ടം ലംഘിച്ച് അശ്രദ്ധമായി ബസ് ഓടിച്ച് കുട്ടിയെ അപകടത്തിൽപ്പെടുത്തിയതിനാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. അതീവ ഗൗരവമുള്ള കുറ്റമായതിനാൽ ലൈസൻസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ. എസ്. അരവിന്ദൻ പറഞ്ഞു