കാഞ്ഞൂർ: എം.ടി വാസുദേവൻ നായരുടെ ഓർമ്മയിലാണ് കാഞ്ഞൂർ പാറപ്പുറം ഗ്രാമം. എം.ടി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ ചിത്രീകരണം കാഞ്ഞൂർ പാറപ്പുറത്തായിരുന്നു. ഗ്രാമജീവിതത്തിന്റെ നൈർമല്യം ഒപ്പിയെടുത്ത സിനിമയിൽ ഈ പ്രദേശവും ഒരു കഥാപാത്രമായി മാറി. പെരിയാറിന്റെ തീരത്തുള്ള പരത്തപ്പിള്ളി മോഹനചന്ദ്രന്റെ വീടായിരുന്നു പ്രധാന ലൊക്കേഷൻ. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിൽ ഉണ്ണികൃഷ്ണന്റെ വീട്. എം.ടിയുടെ സിനിമാ ചിത്രീകരണക്കാലം പാറപ്പുറത്തിന് ഉത്സവമായിരുന്നു. നടവഴികളിലെല്ലാം ഒരേ സംസാരം എം ടി …. എം.ടി മാത്രം. സൂപ്പർ സ്റ്റാറിനെ കാണുന്നതുപോലെ ആബാലവൃദ്ധം ജനങ്ങൾ എം.ടിയെ കാണാനെത്തി.
ചുണ്ടിലെരിയുന്ന ബീഡിയുമായി, ഒരു ടൗവ്വൽ തോളത്തിട്ട് സീനുകൾ വിശദീകരിച്ചു കൊടുക്കുന്ന എം.ടി, ചിലത് സൗമ്യമായി അഭിനയിച്ച് കാണിക്കുന്നു, ചില നേരങ്ങളിൽ ആലോചനയിലാണ്ടു നിൽക്കുന്നു ….ഗ്രാമത്തിലുള്ളവർ ആദ്യമാദ്യം അകന്ന് നിന്നാണ് കണ്ടതെങ്കിലും അവസാനം അടുത്തടുത്ത് പാറപ്പുറം കാരനാക്കി അദ്ദേഹത്തിനെ. കോഴിക്കോട്ടെ തറവാട്ടുവീടായ ചെങ്ങളത്ത് വന്നശേഷം അവിടെനിന്നാണ് പാറപ്പുറത്തെ ലൊക്കേഷനിലേക്ക് പോയത്. ആകെ 25 ദിവസത്തോളമേ ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ.
വളരെ ലാളിത്ത്യമായിരുന്നു എംടിക്കെന്ന് വീട്ടുടമ മോഹനചന്ദ്രൻ പറയുന്നു. കാലടി ലക്ഷ്മിഭവനിൽ നിന്നുമായിരുന്നു സെറ്റിലേക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നത്. എല്ലാവരും ഒന്നിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് നേരം വിശ്രമിക്കും. ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങാൻ നേരം വീടിന് വാടകയായി തുക നൽകി. എന്നാൽ അത് വാങ്ങാൻ മോഹനചന്ദ്രൻ തെയ്യാറായില്ല, പിന്നീട് 2 പവന്റെ കോയിൽ മോഹനചന്ദ്രന്റെ മകൾക്ക് എംടി സമ്മാനമായി നൽകി. അത് ഇന്നും മോഹനചന്ദ്രൻ നിധിപോലെ സൂക്ഷിച്ച് വച്ചിരിക്കുകയാണ്.
ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ യൗവന കാലം സിനിമയിൽ അഭിനയിച്ചത് നാ ട്ടുകാരനും പിന്നീട് പത്രപ്രവർത്തകനും ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥ നുമായ പ്രസാദ് പാറപ്പുറമാണ്. കാലടിയിലെ സെൻ്റ് ജോർജ് പാരലൽ കോ ളജിൽ നിന്നാണ് അന്നവിടെ അധ്യാപ കനായിരുന്ന പ്രസാദിനെ നാടകകൃ ത്ത് ശ്രീമൂലനഗരം മോഹൻ കണ്ടെടുക്കുന്നത്. എംടിയെ ചെന്ന് കാണണം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞ തെന്ന് പ്രസാദ് ഓർക്കുന്നു. ഷൂട്ടിങ് സ്‌ഥലത്ത് ചെല്ലുമ്പോൾ സൂചി വീണാൽ കേൾക്കാവുന്ന നിശ ബ്‌ദത. എംടി കൃത്യതയോടെ, കണിശ തയോടെ ഓരോ ഷോട്ടും ചിത്രീകരിക്കുന്നു.തിരക്കൊഴിഞ്ഞപ്പോൾ എംടിയുടെ മുന്നിൽ ചെന്നു തൊഴുതു. എംടി അടി മുടി നോക്കി. എംടിയും ഒടുവിലും മുഖത്തോട് മുഖം നോക്കി. ‘ഇയാൾ മതി….’ എംടി പറഞ്ഞു. 2 ദിവസം കഴിഞ്ഞ് ഒരു ബസിൽ വച്ചായിരുന്നു ആദ്യ ചിത്രീകരണം. അഭിനയിച്ച സീൻ ശരിയായോ എന്നു ചോദിച്ചപ്പോൾ എംടി നീട്ടി ഒന്നു മൂളിയെന്നു പ്രസാദ് പറഞ്ഞു.
ഗ്രാമം ഒരുപാടിഷ്ടമായെന്നും, ഇവിടത്തെ നിഷ്‌ക്കളങ്കത മറക്കില്ലെന്നും അവസരം കിട്ടിയാൽ ഒരു വട്ടം കൂടി വരുമെന്നും പറഞ്ഞാണ് എം.ടി ചിത്രീകരണം തീർത്ത് മടങ്ങിയത്.