
മലയാറ്റൂർ: ഡയപ്പറും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യവും നിറഞ്ഞ് മലിനമായ മലയാറ്റൂർ മണപ്പാട്ടുചിറയും കാട്ടുവഴികളും വൃത്തിയാക്കാൻ ഒന്നിച്ച് വിദ്യാർഥികളും വനം വകുപ്പും ഫയർഫോഴ്സും. കേരള ഫയർഫോഴ്സ് സിവിൽ ഡിഫെൻസ്, അങ്കമാലി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഡിസാസ്റ്റർ മാനേജ്മെന്‍റിലെ പി.ജി. വിദ്യാർത്ഥികളും, കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫുകളും ചേർന്നാണ് തടാകവും കാട്ടുപാതകളും വൃത്തിയാക്കിയത്. അതു മാത്രമല്ല 1963 തെക്ക് പ്ലാന്‍റേഷനിൽ വന്യജീവികൾക്ക് കുടിവെള്ളത്തിനായി ഒരു കുളവും നിർമിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്.
മലയാറ്റൂരിന്‍റെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് നക്ഷത്ര തടാകവും തുടർന്ന് കാരക്കാട് വരെയുള്ള കാട്ടിലൂടെയുള്ള വഴിയും. അറവുമാലിന്യങ്ങളും, ഭക്ഷ്യവശിഷ്ടങ്ങളും, കുട്ടികളുടെ ഡയപ്പെർ അടക്കമുള്ള മാലിന്യങ്ങളും ഇവിടെ തള്ളുന്നത് പതിവാണെന്ന് പരാതി ഉയർന്നിരുന്നു.
മനുഷ്യർ തള്ളുന്ന മാലിന്യങ്ങൾ ആഹാരമാക്കുവാൻ എലികൾ, തെരുവുനായ്ക്കൾ, കുരങ്ങുകൾ എന്നിവ എത്തുകയും പെറ്റുപെരുകുകയും ചെയ്യും. തെരുവ് നായ്ക്കളെ ആഹാരമാക്കുവാൻ പതിവായി പുലിയിറങ്ങുന്ന സാഹചര്യമുണ്ടായതും അങ്ങനെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
അതോടൊപ്പം തെരുവിലൂടെ അഴിച്ചിട്ടു വളർത്തുന്ന മാടുകൾ കൂടിയാകുമ്പോൾ പുള്ളിപുലി മുതലായ വന്യജീവികൾ ഇവിടേക്ക് ആകർഷിക്കപ്പെടുകയും മനുഷ്യ-വന്യജീവി സംഘർഷത്തിന് ഇടയാക്കുകയും ചെയ്യും. ഈ വിഷയം നാഷണൽ ടൈഗർ കൺസർവേഷൻ കമ്മിറ്റി ചർച്ച ചെയ്തിരുന്നു.
കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനോട് നടപടികൾ സ്വീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത് പ്രകാരമാണ് കാട്ടുപാത വൃത്തിയാക്കാൻ വനംവകുപ്പ് മുന്നിട്ടിറങ്ങിയത്. വനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി ക്യാമറകൾ സ്ഥാപിച്ചുവെന്നും വനംവകുപ്പ് വ്യക്തമാക്കി.