കാലടി: കൂട്ടുകാരോടൊത്ത് കളിച്ചും ചിരിച്ചും നടന്ന സ്‌കൂളിൽ ലിബ്‌നയെത്തി. അവസാനമായി, വിടപറയാൻ. ഇത്തവണ അവൾ വന്നപ്പോൾ ഒരു നാടാകെ കണ്ണീരോടെ ഒപ്പം ചേർന്നു. കളമശേരി സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരിയാണ് ലിബ്ന. മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. ശനിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സ്‌കൂളിൽ എത്തിച്ചത്. അവൾ ഓടിനടന്ന സ്‌കൂൾ മുറ്റത്താണ് മൃതദേഹം നാടിനും അധ്യാപകർക്കും, സഹപാഠികൾക്കും അവസാനമായി ഒരു നോക്ക് കാണാൻ കിടത്തിയത്.
അവധി ദിനത്തിൽ അവളെത്തിയപ്പോൾ വിട ചൊല്ലാൻ സ്‌കൂൾ യൂണിഫോം അണിഞ്ഞ് കൂട്ടുകാരെല്ലാം എത്തി. അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ലിബ്‌നയുടെ മൃതദേഹത്തിലെ അവളുടെ ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ലിബ്‌നയെ ആവസാനമായി കാണാനെത്തിയവർക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. കരഞ്ഞ് കലങ്ങിയ കണ്ണുമായാണ് ഒരോരുത്തരും ലിബ്‌നക്ക് അന്ത്യോപചാരം അർപ്പിച്ചത്. സ്‌കൂളിലെ എൻസിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് തുടങ്ങിയവർ ലിബ്‌നക്ക് അവസാന സെല്യൂട്ട് നൽകി.
അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് ക്ലാസിലെ സഹപാഠികളായിരുന്നു. ലിബ്‌നക്ക് യാത്രമൊഴി നൽകാൻ റോസാ പൂക്കളുമായാണ് സഹപാഠികൾ എത്തിയത്. വിങ്ങിപൊട്ടിയാണ് മൃതദേഹത്തിൽ സഹപാഠികൾ പൂക്കൾ വച്ചത്. തുടർന്ന് ക്ലാസിലെത്തിയ സഹപാഠികൾക്ക് ദുഖം കടിച്ചമർത്താൻ കഴിഞ്ഞില്ല. പലരും പൊട്ടിക്കരഞ്ഞു. ക്ലാസ് ടീച്ചർ ബിന്ധു വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ബിന്ധു ടീച്ചർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. കണ്ട് നിന്നിവർക്കും തേങ്ങലായി. പലരും കരച്ചിലടക്കാൻ പാടുപെട്ടു. ഉളളിൽ കനലെരിയുമ്പോഴും അത് പുറത്ത് കാണിക്കാതെ ലിബ്‌നയുടെ പിതാവ് പ്രദീപനും സ്‌കൂളിൽ ലിബ്‌നയുടെ മൃതദേഹത്തിനടത്ത് തന്നെയുണ്ടായിരുന്നു.
തുടർന്ന് 12 മണിയോടെ മൃതദേഹം മലയാറ്റൂരിൽ ഇവർ താമസിക്കുന്ന വാടക വീട്ടിലെത്തിച്ചു. വീട്ടിലും നിരവധി പേരാണ് ലിബ്‌നയെ അവസായി ഒരുനോക്ക് കാണാൻ എത്തിയതും. 2.30 ന് സംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിച്ചു. 3 മണിയോടെ സംസ്‌ക്കാരത്തിനായി വീട്ടിൽ നിന്നും ലിബ്‌നയെ എടുത്തു. ലിബ്‌നയുടെ മൃതദേഹം വീട്ടിൽ നിന്നും എടുക്കുമ്പോൾ പ്രകൃതി പോലും കരഞ്ഞു. കോരിച്ചൊരിയുന്ന മഴ പെയ്താണ് പ്രകൃതിയും ലിബ്‌നയെ യാത്രയാക്കിയത്. കൊരട്ടിയിലെ യഹോവ വിശ്വാസികളുടെ സെമിത്തേരിയിലാണ് സംസ്‌ക്കാരം നടന്നത്.
സ്ഫോടനത്തിൽ ലിബ്നയുടെ അമ്മ സാലിക്കും, സഹോദരങ്ങളായ പ്രവീണിനും, രാഹുലിനും പരിക്കേറ്റിട്ടുണ്ട്. സാലിയും, പ്രവീണും ഗുരതരാവസ്ഥയിലാണ്. അവരെ മൃതദേഹം കാണിക്കുന്നതിനായി 5 ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്‌കാരം നടത്താൻ അച്ഛൻ പ്രദീപൻ തീരുമാനിച്ചത്. ലിബ്‌ന പോയ വിവരം അവർ അറിഞ്ഞിട്ടില്ല, സ്‌ഫോടനം നടന്ന് ആറാം ദിവസമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ലിബ്‌ന കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. പാചകത്തൊഴിലാളിയായ പിതാവ് പ്രദീപൻ ഞായറാഴ്ച ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല.