കോട്ടയം: ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആയിരുന്നല്ലോ മാർ കൂറിലോസ്. അപ്പോൾ ഇതൊക്കെ കേൾക്കുമെന്നും ജി. സുകുമാരൻ നായർ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ പിണറായി സര്‍ക്കാരിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരുമെന്നും ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണെന്നും ഇതിലും വലിയ തിരിച്ചടി ഇനി ഉണ്ടാകുമെന്നും മറ്റുമാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ് ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
രണ്ട് കേന്ദ്ര മന്ത്രിമാരെ കേരളത്തിന് ലഭിച്ചതിൽ സന്തോഷമുണ്ട്. ജനാധിപത്യം വിജയിക്കണം. അതിന് ശക്തമായ പ്രതിപക്ഷം വേണം. അതില്ലാതെ പോയതിന്റെ ഗതികേട് കേന്ദ്രത്തിലായാലും കേരളത്തിലായാലും നമ്മുടെ രാജ്യത്തെ ജനങ്ങൾ അനുഭവിച്ചു. ഇപ്പോൾ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിൽ ഉണ്ടായപ്പോൾ ടോൺ മാറിയില്ലേ എന്നും സുകുമാരൻ നായർ ചോദിച്ചു. അതുപോലെ കേരളത്തിലെ ജനങ്ങൾക്കും അപ്രീതിയുണ്ട്. ഇനിയുള്ള കാലമെങ്കിലും സംസ്ഥാനത്തെയും പ്രതിപക്ഷത്തെ ഉൾക്കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെയും, സഹകരണത്തോടെയും ഭരണം നടത്തിയില്ലെങ്കിൽ കേന്ദ്രത്തിന്റെ അവസ്ഥ തന്നെയായിരിക്കും ഇവിടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം എൻഎസ്എസിന് അംഗീകാരമാണെന്ന് പറയുന്നില്ല. സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻഎസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.