
നെടുമ്പാശ്ശേരി : നിയമപരമായി ഉണ്ടായേക്കാവുന്ന നൂലാമാലകൾ ഭയന്നാണ് ആർക്കും പിടികൊടുക്കാതെ പോയതെന്ന് കെഎസ്ആർടിസി ഡ്രൈവറുടെ രക്ഷകനായ ഷൈൻ ജോർജ് . ഡ്രൈവിങ്ങിനിടെ ദേശീയപാതയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത് അതേ ബസിലെ യാത്രക്കാരനായിരുന്ന കറുകുറ്റി സ്വദേശി ഷൈൻ ജോർജായിരുന്നു. ബസ് ഒാടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ച ഷൈൻ, ദൗത്യം പൂർത്തിയാക്കിയശേഷം ആരോടും മിണ്ടാതെ സ്ഥലംവിട്ടിരുന്നു.
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കണ്ടെയ്‌നർ ഡ്രൈവറായ കുറുകുറ്റി പള്ളിയങ്ങാടി തെക്കേക്കുന്നേൽ ഷൈൻ ജോർജ് (40) ചൊവ്വാഴ്ച വൈകീട്ട് കളമശ്ശേരിയിലെ സർവീസ് സെന്ററിലേക്ക് പോകുമ്പോഴാണ് സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയി അവശനായി കുഴഞ്ഞുവീണത്. ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയപ്പോൾ കാര്യംതിരക്കി മുൻപിലേക്ക് ചെന്നു.
ഡ്രൈവറുടെ കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു. ഡ്രൈവറെ താഴേക്കിറക്കി മറ്റൊരു വാഹനത്തിൽ കയറ്റാനാകാത്ത അവസ്ഥയായപ്പോഴാണ് താൻ ബസ് ഓടിക്കാമെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും കണ്ടക്ടറോട് പറഞ്ഞതെന്ന് ഷൈൻ പറഞ്ഞു. ലൈസൻസ് കാണിച്ചിട്ടും കണ്ടക്ടർ ആദ്യം അനുകൂലമായി പ്രതികരിച്ചില്ല. ഡ്രൈവറുടെ നില കൂടുതൽ വഷളായപ്പോഴാണ് കണ്ടക്ടർ സമ്മതിച്ചത്.
ബസിൽനിന്ന് ഡ്രൈവറെ ഇറക്കി ആശുപത്രിയിൽ ഡോക്ടറുടെ മുൻപിലെത്തിച്ചതെല്ലാം ഷൈനാണ്. തുടർന്ന് ആലുവ കെഎസ്ആർടിസി ഡിപ്പോയിലെത്തി സ്റ്റേഷൻ മാസ്റ്ററോട് സംഭവങ്ങളെല്ലാം പറഞ്ഞശേഷമാണ് ഒരാളുടെ ജീവൻ രക്ഷിക്കാനായതിനാൽ എന്തുവന്നാലും നേരിടാമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോയത്. മാധ്യമങ്ങളിൽ വാർത്ത കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നിയെന്നും ഷൈൻ പറഞ്ഞു.
14 വർഷമായി ജ്യേഷ്ഠസഹോദരന്റെ കണ്ടെയ്‌നർ ലോറി ഓടിക്കുകയാണ്. ഭാര്യ: നീതു. അങ്കണവാടി വിദ്യാർഥിനി ഇവാഞ്ചലിൻ മകളാണ്.