മലയാറ്റൂർ∙ കാലടി– മലയാറ്റൂർ റോഡ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായി. പലയിടത്തും അഗാധമായ കുഴികളാണ്. ചെറിയ കുഴികളും അനേകമുണ്ട്. നീലീശ്വരം കമ്പനിപ്പടി മുതൽ മലയാറ്റൂർ താഴത്തെ പള്ളി വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. കമ്പനിപ്പടി ട്രാൻസ്ഫോമർ, പള്ളുപ്പേട്ട, ഗോതമ്പ് റോഡ്, മലയാറ്റൂർ ആശുപത്രി ഭാഗങ്ങളിൽ അപകടകരമായ കുഴികളാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽ പെടുന്നു. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ സഞ്ചരിച്ചാൽ നടുവേദന ഉറപ്പ്. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ െതറിച്ചു വീഴാൻ സാധ്യതയേറെയാണ്. മഴയത്ത് വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികൾ കാണാനും കഴിയില്ല. ഇതു കൂടുതൽ അപകട സാധ്യതയുണ്ടാക്കുന്നു. നാട്ടുകാർക്കു പുറമേ അനേകം തീർഥാടകരും വിനോദ സഞ്ചാരികളും സഞ്ചരിക്കുന്ന വഴിയാണിത്. കാലടിയിലെ ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി പോകുന്നത് പതിവാണ്.
എന്നാൽ കുരുക്കിൽ നിന്നു രക്ഷപ്പെടാൻ വരുന്നവർ കുഴികളുടെ വലിയ െകണിയിലാണ് പെടുന്നത്. ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡാണിത്. കഴിഞ്ഞ മാർച്ചിൽ ലക്ഷങ്ങൾ ചെലവിട്ട് റോഡിന്റെ അറ്റകുറ്റ പണികൾ നടത്തിയിരുന്നു. റോഡ് താറുമാറായിട്ടും താൽക്കാലികമായിട്ടെങ്കിലും കുഴികൾ അടയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല.പുറമ്പോക്ക് ഏറ്റെടുത്ത് റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിന് 22 കോടി 75 ലക്ഷം രൂപ അനുവദിച്ചിട്ട് 2 വർഷമായി. റോഡ് പണിക്ക് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഒരു വർഷത്തേക്കാണ് കരാർ ഉണ്ടാക്കിയിരുന്നത്. അതിന്റെ കാലാവധി കഴിഞ്ഞു. മഴയത്ത് റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നത് കുഴികൾ ഉണ്ടാകാൻ കാരണമാണ്.
ആവശ്യമായ സ്ഥലങ്ങളിൽ കാന നിർമിക്കാനും പദ്ധതിയിൽ പണം അനുവദിച്ചിട്ടുണ്ട്. എന്നാൽ ചുരുക്കം സ്ഥലത്ത് മാത്രമാണ് കാന നിർമിച്ചിരിക്കുന്നത്. കാന നിർമാണം നടത്തിയത് റോഡ് കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന രീതിയിലാണെന്ന് കയ്യേറ്റം ഒഴിപ്പിക്കണമെന്നവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ള റോഡ് വികസന ആക്‌ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. റോഡ് പണി നടത്തിയതിൽ ക്രമക്കേട് ഉള്ളതു കൊണ്ടാണ് അതു പെട്ടെന്ന് തകർന്നത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.