കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി ഐ ജി നടപടിയെടുത്തത്. ശ്രീമൂലനഗരത്ത് താമസിക്കുന്ന ടാക്സി ഡ്രൈവർ സുജിത് ജയന്റെ പരാതിയിലാണ് പോലീസുകാർക്കെതിരെ നടപടി. ജില്ലാ പോലീസ് മേധാവിയുടെ (എസ് പി) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ഐ ജിയുടെ ഉത്തരവ്.
അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്നാണ് സുജിതിന്റെ പരാതി. ക്യാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി ജനനേന്ദ്രിയത്തിൽ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സുജിത്തിന്‍റെ പരാതിയിലുണ്ട്.



