കാലടി: കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ പേരിൽ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ബസ് സർവീസുകൾ നിർത്തിവച്ച് 15 ന് സൂചന പണിമുടക്ക് നടത്തും. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം മൂലം കാലടിയിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡരികിലാണ് ബസുകൾ പാർക്ക് ചെയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കത്ത് മുഖേനയും നേരിൽകണ്ടും നിരവധി പ്രതിഷേധ സമരങ്ങളിലൂടെയും വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നു എങ്കിലും പരിഹാരം കാണാൻ അധികൃതർക്കായിരല്ലന്ന് ബസ് ഉടമകൾ പറയുന്നു. ബസ്സുടമാ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ, പ്രൈവറ്റ് ബസ് വർക്കേഴ്‌സ് യൂണിയൻ(സി ഐ ടി യു) പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) ഭാരതീയ മസ്ദൂർ സംഖ് (ബി എം എസ്) എന്നീ സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്.
മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സ്വകാര്യ ബസ്സുകൾക്ക് പകുതി ട്രിപ്പ് പോലും പൂർത്തിയാക്കാൻ കഴിയാത്തതുമൂലം ഗ്രാമപ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകൾ മുടക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. സ്ഥിരമായി ട്രിപ്പുകൾക്ക് മുടക്കം വരുത്തുന്നതിനാൽ യാത്രക്കാരും ബസ്സുകളെ കയ്യൊഴിയുകയാണ്. തന്മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആണ് സ്വകാര്യ ബസ് മേഖല ചെന്നെത്തുന്നത്.സ്‌കൂൾ തുറക്കുന്ന സമയം എത്തുമ്പോൾ നൂറുകണക്കിന് വരുന്ന വിദ്യാർഥികൾക്ക് ബസ്സിൽ കേറി പറ്റണമെങ്കിൽ ഏറെ പ്രയാസപ്പെടേണ്ടി വരും.
മഴയും വെയിലും കൊണ്ട് ഫുട്പാത്തിൽ ബസ് കാത്ത് നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനും നിലവിലുണ്ടായിരുന്ന സ്റ്റാൻഡിനോട് ചേർന്ന് ബദൽ സംവിധാനം ഒരുക്കാനും കഴിയുമെങ്കിലും അതിന് തയ്യാറാവാത്ത അധികാരികൾക്കെതിരെയുള്ള പ്രതിഷേധമായാണ് വ്യാഴാഴ്ച ബസ്സുകൾ പണിമുടക്കുന്നത് എന്ന് തൊഴിലാളി കോഡിനേഷൻ ഭാരവാഹികളായ എ.പി. ജിബി, ബി.ഓ.ഡേവിസ്, കെ.സി.വിക്ടർ, പി.ജെ. വർഗീസ്, കെ.പി. പോളി, പോളി കളപ്പറമ്പത്ത്, പി.ടി ഡേവിസ്, പ്രദീപ്കുമാർ എം.പി, സുധീഷ് എ.വി എന്നിവർ അറിയിച്ചു



