കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടികയറി. വികാരി ഫാ.മാത്യു മണവാളൻ കൊടി കയറ്റി. 27 വരെയാണ് തിരുനാൾ. പ്രധാന തിരുനാൾ ദിവസമായ 26 ന് രാവിലെ 10 ന് ഇടവകയിലെ സമർപ്പിതരുടെ സംഗമം ഉണ്ടായിരിക്കും. വൈകീട്ട 6 ന് ആഘോഷമായ ദിപ്പബലി,പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നീ കർമ്മങ്ങൾക്ക് ഫാ.ജെയിംസ് തുരുത്തിക്കര കാർമ്മികത്വം വഹിക്കും. തുടർന്ന് പള്ളി ചുറ്റി മെഴുക് തിരി പ്രദക്ഷിണം ഉണ്ടായിരിക്കും.
സമാപന ദിവസമായ 27 ന് വൈകീട്ട് 4.30 ന് പ്രസുദേന്തി വാഴ്ച, 5 ന് ആഘോഷമായ ദിവ്യബലി ഫാ.പോൾ മോറേലി ഫാ.പോൾ കൈ തോട്ടുങ്കൽ എന്നിവർ കാർമ്മികത്വം വഹിക്കും. ജപമാലക്ക് ശേഷം കാലടി പോലീസ് സ്റ്റേഷൻ കവലയിലേക്ക് പ്രദക്ഷിണം ആരംഭിക്കും. ഭക്തജനങ്ങൾ നേർച്ചയായി നൽകുന്ന മുല്ലപ്പൂമാലയിൽ അലങ്കരിച്ച രഥത്തിലായിരിക്കും ജപമാല രാജ്ഞിയുടെ തിരുസ്വരൂപം എഴുന്നള്ളിക്കുക. 101 പൊൻകുരിശ്, 500 മുത്ത്കുടകൾ, ചെണ്ടമേളം, വിവിധ ടീമുകളുടെ ബാന്റ് മേളങ്ങൾ എന്നിവ പ്രദക്ഷിണത്തിൽ അണിനിരക്കും.
രണ്ട് ദിവസവും പുഷ്പവൃഷ്ടിയോടെയാണ് പ്രദക്ഷിണം പള്ളിയിൽ പ്രവേശിക്കുക. രോഗശാന്തി മാതാവിന്റെ തൂക്ക് വിളക്കിൽ നിന്നും എണ്ണ ഭക്തജനങ്ങൾ കൊണ്ടു പോകാറുണ്ട്. പൂമാല രൂപത്തിൽ ചാർത്തുന്നതാണ് പ്രധാന നേർച്ച.