കാലടി: കാലടിയിൽ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റിന് അനുകൂലമായും പ്രതികൂലമായും ഫ്‌ളെക്‌സുകൾ. മലയാറ്റൂർ റോഡിലാണ് ഫ്‌ളെക്‌സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാലടി മലയാറ്റൂർ റോഡിൽ പുതിയ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇരു സംഘടനകളും ഫ്‌ളെക്‌സുകളുമായി എത്തിയിരിക്കുന്നത്.
ആദ്യം പൗരസമിതിയുടെ പേരിലാണ് ഫ്‌ളെക്‌സ് സ്ഥാപിച്ചത്. കാലടി ജനവാസ മധ്യത്തിൽ ബിവറേജ് ഔട്ട്‌ലെറ്റ് അനുവദിച്ച് ജനങ്ങളുടെ സ്വെര്യ ജീവിതം തകർക്കാനുളള നടപടി നിർത്തലാക്കണം എന്നാണ് പൗരസമിതി ഫ്‌ളക്‌സിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ജനകീയ സമിതി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. ബാറുകാരുടെ കയ്യിയിൽ നിന്നും പണം വാങ്ങി കാലടിയിലെ ജനങ്ങളുടെ ചിരകാല ആഗ്രഹമായിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് വരാതിരിക്കാനുളള സ്‌പോൺസേഡ് പ്രതിഷേധക്കാരെ തിരിച്ചറിയുക എന്നാണ് ജനകീയ സമിതിയുടെ ഫ്‌ളക്‌സിൽ ഉളളത്.
എന്നാൽ ആരാണ് രണ്ട് ഫ്‌ളക്‌സുകളും സ്ഥാപിച്ചതെന്ന് അറിവായിട്ടില്ല. ബിവറേജ് വരുമോ ഇല്ലയോ എന്ന ആകാംക്ഷയിലുമാണ് കാലടിക്കാർ. നേരത്തെ കാലടിയിൽ ബിവറേജ് ഔട്ട്‌ലെറ്റ് ഉണ്ടായിരുന്നതാണ് പെരുമ്പാവൂർ റോട്ടിലായിരുന്നു അത്. പിന്നീട് അത് മഞ്ഞപ്രയിലേക്ക് മാറ്റുകയായിരുന്നു.