കാലടി: 59 വർഷം പഴക്കമുളള തിരുവൈരാണിക്കുളത്തെ പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിലേക്ക് മാറി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സൗജന്യമായി നൽകിയ മുറിയിലാണ് പുതിയ പോസ്റ്റ് ഓഫിസ് കെട്ടടം പ്രവർത്തിക്കുന്നത്. തിരുവൈരാണിക്കുളം മഹാദേവ ട്രസ്റ്റിനു കീഴിലുള്ള
സ്‌കൂളുകൾക്കു സമീപത്തുള്ള കെട്ടിടത്തിലാണ് പോസ്റ്റ് ഓഫിസ് ഇത്രയും കാലം പ്രവർത്തിച്ചത്. വെള്ളാരപ്പിള്ളി സൗത്ത് പോസ്റ്റ് ഓഫിസ് എന്നാണ് ഔദ്യോഗിക നാമം. ഒരു കാലത്ത് തിരുവൈരാണിക്കുളം ഗ്രാമത്തിന്റെ ഹൃദയം ആയിരുന്നു ഇവിടം. ശോഷിച്ചു വന്ന കെട്ടിടത്തിൽ പോസ്റ്റ് ഓഫിസ് കൂടി ഇല്ലാതായതോടെ അവിടെ ആളൊഴിഞ്ഞ മൂലയായി മാറി. 60 വർഷങ്ങൾക്കു മുൻപ് തിരുവൈരാണിക്കുളത്തു നിന്ന് 5 കിലോമീറ്റർ അകലെ ചൊവ്വരയിലാണ് പോസ്റ്റ് ഓഫിസ് ഉണ്ടായിരുന്നത്. പിന്നീട് ശ്രീമൂലനഗരത്തും പോസ്റ്റ് ഓഫിസ് തുടങ്ങി. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് തിരുവൈരാണിക്കുളത്തേക്ക് പോസ്റ്റ്മാൻ എത്തിയിരുന്നത്.
അകവൂർ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ മങ്കട കോവിലകത്ത് അമ്മു തമ്പുരാട്ടിയുടെ ശ്രമഫലമായാണ് തിരുവൈരാണിക്കുളത്ത് പോസ്റ്റ് ഓഫിസ് തുടങ്ങിയത്. അമ്മു തമ്പുരാട്ടിയുടെ സഹോദരൻ അന്ന് പോസ്റ്റർ സർവീസസ് ഡയറക്ടർ ആയിരുന്നു. ഓടിട്ട 2 നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു പോസ്റ്റ് ഓഫിസ്. ചായക്കട, റേഷൻകട, തയ്യൽ കട, സഹകരണ സംഘം എന്നിവയെല്ലാം ഈ കെട്ടിടത്തിൽ ആയിരുന്നു. അതിനാൽ ഗ്രാമത്തിലെ ആളുകൾ ഒത്തു കൂടുന്ന ഇടമായിരുന്നു ഇത്. പിന്നീട് കെട്ടിടം ശോചനീയാവസ്ഥയിൽ ആയപ്പോൾ ഇതിനോടു ചേർന്ന് വെടിയൂർ മനയുടെ ചെറിയ കെട്ടിടത്തിലേക്കു പോസ്റ്റ് ഓഫിസ് മാറ്റി. 30 വർഷം മുൻപായിരുന്നു ഇത്.
ഓടിട്ട കെട്ടിടം വെടിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് പോസ്റ്റ് ഓഫിസിനു വേണ്ടി കോൺക്രീറ്റ് ചെയ്തു. ആദ്യം 50 രൂപയായിരുന്നു വാടക. അത് ക്രമേണ വർധിച്ച് അവസാനം 150 രൂപ വാടകയിലാണ് പ്രവർത്തിച്ചിരുന്നത്. 1979ൽ മുതൽ നാട്ടുകാരനായ സി.വി.അരവിന്ദാക്ഷനായിരുന്നു (രാജു) പോസ്റ്റ്മാൻ. 43 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ നവംബറിലാണ് അദ്ദേഹം വിരമിച്ചത്. പുതിയ ജീവനക്കാരോടെ പുതിയ കെട്ടിടത്തിൽ പോസ്റ്റ് ഓഫിസിന്റെ പുതിയ പ്രവർത്തനം തുടങ്ങി. മഹാദേവ ക്ഷേത്ര ട്രസ്റ്റ് സൗജന്യമായാണ് പോസ്റ്റ് ഓഫിസിനു വേണ്ടി മുറി നൽകിയത്.