കാലടി: ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേമ്പർ ഓഫ് കോമേഴ്‌സ് (ഇൻമെക്ക്) ന്റെ വ്യവസായ മികവിനുള്ള കേരളത്തിൽ നിന്നുള്ള ആദ്യ പത്തു പേരിൽ കാലടിയിലെ വ്യവസായ പ്രമുഖനായ ഡോ. കെ. വി. ടോളിൻ അർഹനായി. കൊച്ചി താജ് വിവാന്റ ഹോട്ടലിൽ നടന്ന ഇൻമെക്കിന്റെ ‘സല്യൂട്ട് കേരള’ കോൺക്ലേവിൽ കേരള ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പുരസ്‌കാരം സമ്മാനിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാലടി ആസ്ഥാനമായ ടോളിൻസ് ഗ്രൂപ്പിന്റെ ചെയർമാൻ ആണ് ഡോ. കെ. വി. ടോളിൻ. ടയർ, ട്രെഡ് റബ്ബർ, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖലകളിലെ വിജയകരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.
ഈ വർഷം സെപ്റ്റംബറിൽ നടന്ന പ്രാരംഭ ഓഹരി വില്പനയിൽ ടോളിൻസ് ടയേർസ് ലിമിറ്റഡ് മികച്ച
പ്രകടനം കാഴ്ചവച്ചിരുന്നു. വില്പനക്ക് വച്ചിരുന്നതിൽ നിന്നും 25 ഇരട്ടിയാണ് നിക്ഷേപകർ ഓഹരി വാങ്ങുന്നതിനായി അപേക്ഷ നൽകിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ കമ്പനിയുടെ ഓഹരികളുടെ ട്രേഡിങ് നടക്കുന്നുണ്ട്.
ടോളിൻസ് ടയേഴ്‌സ്, ടോളിൻസ് ട്രെഡ്സ്, ടോളിൻസ് വേൾഡ് സ്കൂൾ, ടോളിൻസ് ഹോട്ടൽസ് ആൻഡ് റിസോർട്സ്, ടോളിൻസ് സ്കിൻ സയൻസ് തുടങ്ങിയവ ടോളിൻസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്. ഡോ. ടോളിന്റെ പിതാവ് കാളാംപറമ്പിൽ വർക്കി 1980 കളിൽ സ്ഥാപിച്ചതാണ് റബ്ബർ അധിഷ്ഠിത ടോളിൻസ് സംരംഭങ്ങൾ. പിതാവിനോടൊപ്പം വിദ്യാർഥിയായിരിക്കെ തന്നെ ഡോ. ടോളിൻ ബിസിനസ് രംഗത്ത് പ്രവർത്തനം ആരംഭിച്ചു. പിതാവിന്റെ മരണശേഷം എല്ലാ വ്യവസായങ്ങളുടെയും ചുക്കാൻ പിടിച്ചത് ഡോ. ടോളിൻ ആണ്. കുടുംബവും ബിസിനസ് രംഗത്ത് അദ്ദേഹത്തെ സഹായിക്കുന്നു. മാതാവ് ആനി, പത്നി ജെറിൻ ടോളിൻ, മക്കളായ ക്രിസ് ടോളിൻ, സൈറസ് ടോളിൻ എന്നിവരും മുഴുവൻ സമയവും ഓരോ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കുന്നു.