തിരുവനന്തപുരം : 10 മാസം കഴിഞ്ഞാൽ 10–ാം ക്ലാസ് പാസായതിന്റെ ഒരു സർട്ടിഫിക്കറ്റ് ഇന്ദ്രൻസിന്റെ കയ്യിൽ കിട്ടും! അഭിനയത്തിന് ഇതുവരെ കിട്ടിയ ദേശീയ– സംസ്ഥാന പുരസ്കാരങ്ങളെക്കാൾ തിളക്കം ആ സർട്ടിഫിക്കറ്റിനുണ്ടാകുമെന്ന് ഇന്ദ്രൻസ് പറയുന്നു. 10–ാം ക്ലാസ് തുല്യതാ പഠനത്തിനാണ് ഇന്ദ്രൻസ് ചേർന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്കൂളിൽ എല്ലാ ഞായറാഴ്ചയും ക്ലാസ്. 10 മാസമാണു പഠനകാലം.
‘നാലാം ക്ലാസിൽ പഠനം അവസാനിച്ചു. അന്നു കടുത്ത ദാരിദ്ര്യമായിരുന്നു. നടനെന്ന നിലയിൽ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നു. പേടിയോടെ പലയിടത്തുനിന്നും ഉൾവലിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ’– ഇന്ദ്രൻസ് പറയുന്നു.
ഇന്ദ്രൻസ് 4 വരെ പഠിച്ചത് കുമാരപുരം യുപി സ്കൂളിലായിരുന്നു. ‘വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യൽപണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാക്കിയത്’– അദ്ദേഹം പറയുന്നു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നു സംസ്കാരവും വിനയവുമാണല്ലോ, അതു വേണ്ടുവോളമുള്ളയാൾക്ക് ഇനി 10–ാം ക്ലാസ്സിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇതാണ്: ‘എന്നെ സംബന്ധിച്ചിടത്തോളം പഠിപ്പില്ലാത്തതു കാഴ്ചയില്ലാത്തതു പോലെയാണ്. എനിക്ക് കാഴ്ച വേണം’.