
കാലടി: എറണാകുളം റൂറൽ ജില്ലയിലെ അസി. സബ് ഇൻസ്‌പെക്ടറായ പ്രസാദ് പാറപ്പുറവും, ഓസ്‌ട്രേലിയയിലെ വൈദികനായ ഫാദർ ജോൺ പുതുവയും ചേർത്തല മണപ്പുറം സ്‌കൂളിലെ അധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച ഏകാകി എന്ന സംസ്‌കൃത ചിത്രത്തിന് 2024 ലെ മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. ഒരു കഥാപാത്രം മാത്രം അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്‌കൃത സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാഷയും സംസ്‌ക്കാരവും നിലനിർത്തുക എന്ന ലക്ഷ്യമാണ് സംസ്‌കൃത സിനിമയ്ക്കു പിന്നിലുള്ളത്.
ഒരു കാലത്ത് ജനകീയ സ്വഭാവമുണ്ടായിരുന്ന ഭാഷ ഇന്ന് ആസന്നമരണത്തിന്റെ വക്കിലാണ്. കഴിയാവുന്ന സാധ്യതകളിലൂടെ ഭാഷക്ക് പുനർജീവനം നൽകുകയാണ് സിനിമയിലൂടെ ചെയ്യുന്നത്. ഏറെ നാളത്തെ ചർച്ചയ്ക്കും പഠനത്തിനുംശേഷമാണ് സിനിമ ഒരുക്കിയത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല ആധ്യാത്മികതയിൽ എല്ലാറ്റിനും പരിഹാരമുണ്ട് എന്ന തത്വമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. അദ്വൈത ആചാര്യനായ ശ്രീശങ്കരന്റെ ദർശനങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തിരുനാരായണപുരം വാസുദേവൻ എന്ന നാടക കലാകാരനാണ് സിനിമയിലെ ഏക കഥാപാത്രം. കലയ്ക്കു വേണ്ടി കുടുംബവും ബന്ധങ്ങളും ഉപേക്ഷിക്കേണ്ടി വന്ന വാസുദേവന് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളിലൂടെയുള്ള ഒരു യാത്ര ‘കൂടിയാണിത്.’ വാസുദേവനായി ‘പ്രശസ്ത നാടക നടൻ സുരേഷ് കാലടി അഭിനയിക്കുന്നു.
കളേഴ്‌സ് എന്ന തമിഴ് ചിത്രമുൾപ്പടെ മൂന്ന് സിനിമകൾക്ക് തിരക്കഥ എഴുതുകയും, മുന്നൂറിലേറെ എപ്പിസോഡ് ഡോക്യുമെൻററികൾ സംവിധാനം ചെയ്യുക ചെയ്ത പോലീസുദ്യോഗസ്ഥനാണ് പ്രസാദ് പാറപ്പുറം. പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ഫാദർ ജോൺ പുതുവ. പതിനഞ്ച് ‘ ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
സമ്പ്രതി വാർത്ത എന്ന ഒൺലൈൻ പോർട്ടലിന്റെ ചീഫായ അയ്യമ്പുഴ ഹരികുമാർ ആകാശവാണിയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളയാളാണ്.
ഷിജോ വർഗീസാണ് കോ-ഡയറക്ടർ. പത്രപ്രവർത്തകനായ ഡോ: പി.പി പ്രതാപൻ ‘ ആലാപനവും ശിവ കൃഷ്ണൻ മാണിക്കമംഗലം, അമൽ സാജു സുരേഷ് ബാബു എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു.
സിനേഷ് ഓടക്കാലിയാണ് എഡിറ്റർ . റിസർച്ച് ഐവർകാല രവികുമാർ. സുജിത്ത്ശിവ ക്യാമറയും, പ്രശാന്ത് പാറപ്പുറം ഏകോപനവും, ടി.എസ് ബൈജു കാലടി സഹനിർമ്മാണവും, നിർവഹിക്കുന്നു. സെൻസറിംഗ് കഴിഞ്ഞ സിനിമ തിരഞ്ഞെടുത്ത ഇടങ്ങളിൽ പ്രദർശിപ്പിക്കും.