കാലടി സി.പി.എം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച കാഞ്ഞൂരിൽ തുടക്കമാകും. ഡിസംബർ രണ്ടുവരെയാണ് സമ്മേളനം. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പതാക-കൊടിമര-ദീപശിഖാ ജാഥകൾ വെളളിയാഴ്ച്ച നടക്കും. പതാകജാഥ പാറക്കടവിൽ കർഷകത്തൊഴിലാളി യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് എം.കെ.മോഹനന്റെ വസതിയിൽ നിന്ന് രാവിലെ 10 ന് ആരംഭിക്കും. ജില്ലാ കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്ന ജാഥയുടെ ക്യാപ്റ്റൻ ഏരിയ കമ്മിറ്റിയംഗം കെ.പി.റെജീഷാണ്.കൊടിമര ജാഥ നായത്തോട് അങ്കമാലി മുൻ ലോക്കൽ സെക്രട്ടറി കെ.ഐ.കുര്യാക്കോസിന്റെ വസതിയിൽ രാവിലെ 11 ന് ജില്ലാ കമ്മിറ്റിയംഗം കെ. തുളസി ടീച്ചർ ഉദ്ഘാടനം ചെയ്യും.ഏരിയ കമ്മിറ്റിയിയംഗം ജീമോൻ കുര്യൻ ക്യാപ്റ്റനാകും.
ദീപശിഖാ ജാഥ പാറപ്പുറത്ത് മുൻ കാലടി ഏരിയാ സെക്രട്ടറി കെ.പൊന്നപ്പന്റെ വസതിയിൽ വൈകിട്ട് 3 ന് ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യും.മുതിർന്ന നേതാവ് ടി.ഐ.ശശി ക്യാപ്റ്റനാകും. മൂന്ന് ജാഥകളും വൈകീട്ട് 6 മണിക്ക് കാഞ്ഞൂർ ടൗണിൽ സംഗമിച്ച് സമ്മേളന നഗരിയിലേക്കെത്തിക്കും. കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി.ബിനോയ്, മുതിർന്ന നേതാക്കളായ സി.കെ.ഉണ്ണികൃഷ്ണൻ, വി.വി.രാജൻ എന്നിവർ പതാകയും കൊടിമരവും ദീപശിഖയും ക്യാപ്റ്റന്മാരിൽനിന്ന് ഏറ്റുവാങ്ങും. തുടർന്ന് പൊതുസമ്മേളന നഗരിയായ മെഗാസ് ഓഡിറ്റോറിയത്തിൽ (എം.സി.ജോസഫൈൻ നഗറിൽ) പാർട്ടി ജില്ലാ കമ്മിറ്റിയംഗം സി.കെ.സലിംകുമാർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔപചാരികമായ തുടക്കമാവും.
30-നും ഡിസംബർ ഒന്നിനും മെഗാസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും രണ്ടിന് പുതിയേടത്ത് പൊതുസമ്മേളനവും നടക്കും. 30ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ഡിസംബർ രണ്ടിന് സമാപനത്തോടനുബന്ധിച്ച് റെഡ് വൊളന്റിയർ പരേഡും ബഹുജന റാലിയും.പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.