ചാലക്കുടി: യാത്രക്കാർക്ക് അപകടകരമായി അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ സുരക്ഷിതമായി റോഡ് മുറിച്ച് കടത്തി വിട്ട പോലീസുകാരന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ ആദരം. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാലടി ഓണമ്പിള്ളി സ്വദേശി മുഹമ്മദിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ പ്രശംസാപത്രം നൽകി. .ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെ നിരവധി പേരാണ് മുഹമ്മദിന് അഭിനന്ദനവുമായി എത്തിയത്.
കഴിഞ്ഞ ദിവസമാണ് ഏഴാറ്റുമുഖം ഗണപതി എന്ന പേരിലറിയപ്പെടുന്ന കാട്ടു കൊമ്പനെയാണ് മുഹമ്മദ് സുരക്ഷിതമായി റോഡ് മുറിച്ച് കടത്തിവിട്ടത്. ആതിരപ്പള്ളി മേഖലയിൽ സ്ഥിരമായി എത്തുന്ന ഒറ്റയാനാണ് ഏഴാറ്റുമുഖം ഗണപതി. പനയും മറ്റും കഴിക്കാൻ ആന ആതിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തുന്നതും സ്ഥിരം കാഴ്ചയാണ്. പോലീസുകാർ ആനയെ തുരത്താറാണ് പതിവ്. ഇത്തരത്തിൽ സ്റ്റേഷൻ പരിസരത്തെ റോഡിന് സമീപത്തെ പറമ്പിലാണ് കഴിഞ്ഞ ദിവസം ഈ ആന എത്തിയത്. ഇതോടെ റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഇതോടെയാണ് പോലീസുകാർ ഇടപെട്ട് ആനയെ വീണ്ടും തുരത്തിയത്.
മുഹമ്മദ് ആനയോട് റോഡ് മുറിച്ച് കടക്കാൻ ആജ്ഞാപിച്ചതും ആന റോഡ് കടന്ന് പോയതും. കാട്ടാനയെ റോഡ് മുറിച്ച് കടത്തി വിടുന്ന ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ യൂടുബർമാർ തമ്മിലുളള കിടമത്‌സരം മൂലം ചിലർ മുഹമ്മദിന് എതിരെ രംഗത്ത് വരികയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്ന് വന്നിരിക്കുന്നത്. മുഹമ്മദ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചെതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും, യാത്രക്കാരും പറഞ്ഞത്.