അട്ടപ്പാടി: നൂറ് കിലോയിലധികം മാനിറച്ചിയുമായി അട്ടപ്പാടി സാമ്പാര്‍കോഡ് വനത്തില്‍ നിന്നും അഞ്ചുപേര്‍ അറസ്റ്റില്‍. രണ്ട് മാനുകളെ വേട്ടയാടി ഇറച്ചിയാക്കി മാറ്റിയ സംഘത്തില്‍ ഒരാള്‍ വനപാലകരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. പിടിയിലായ അഞ്ചുപേരും ഓടി രക്ഷപ്പെട്ടയാളും മലപ്പുറം, അട്ടപ്പാടി സ്വദേശികളാണ്.
സാമ്പാര്‍കോഡ് വനത്തിനുള്ളില്‍ രാത്രിയിലാണ് സംഘമെത്തിയത്. നാടന്‍ തോക്കുപയോഗിച്ച് രണ്ട് പുള്ളി മാനുകളെ വേട്ടയാടി. ഇറച്ചി വേര്‍തിരിക്കുന്നതിനിടയില്‍ രാവിലെ വനപാലക സംഘം സ്ഥലത്തെത്തി. ആറുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളൊഴികെ അഞ്ചുപേരും പിടിയിലായി. സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, സിജോ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട റിഷാദാണ് തോക്കുപയോഗിച്ച് മാനിനെ വേട്ടയാടിയതെന്ന് വനപാലകര്‍. നൂറ് കിലോ മാനിറച്ചിയും ആയുധങ്ങളും വാഹനങ്ങളും പിടികൂടി.
പിടിയിലായ യുവാക്കളില്‍ ചിലര്‍ നേരത്തെയും മൃഗവേട്ടയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ അറിയിച്ചു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനൊപ്പം നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നവര്‍ക്കും ഇറച്ചി കൈമാറുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കളുടെ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം വിപുലമാക്കുന്നതിനാണ് വനംവകുപ്പ് തീരുമാനം.