അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. അതിസങ്കീർണ്ണവും അപൂർവ്വവുമായ ‘ഡിസെക്റ്റിംഗ് അന്യൂറിസം’ (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടർമാർ ഭേദമാക്കിയത്.
അതിശക്തമായ തലവേദനയെത്തുടർന്ന് യുകെയിലെ പ്രമുഖ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. എം.ആർ.ഐ (MRI) പരിശോധനയും നട്ടെല്ലിൽ നിന്ന് ദ്രാവകം എടുത്തുള്ള പരിശോധനയും ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹം അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു.
ഇവിടെ നടത്തിയ എം.ആർ.ഐ സ്കാനിംഗിൽ തലച്ചോറിലെ വലതുഭാഗത്തെ രക്തക്കുഴലിൽ (Right Vertebral Artery) ഡോക്ടർമാർ അസ്വാഭാവികത കണ്ടെത്തി. തുടർന്ന് നടത്തിയ ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രാം (DSA) പരിശോധനയിലാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ വിള്ളലുണ്ടാകുന്ന അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. രക്തസ്രാവത്തിനോ പക്ഷാഘാതത്തിനോ ഇടയാക്കാവുന്ന ഈ അവസ്ഥയ്ക്ക് ഉടൻ തന്നെ ചികിത്സ ആവശ്യമായിരുന്നു.
‘ഫ്ലോ ഡൈവർട്ടിംഗ് സ്റ്റെന്റിംഗ്’ (Flow-diverting Stenting) എന്ന നൂതനമായ ചികിത്സാരീതിയാണ് രോഗിയിൽ പ്രയോഗിച്ചത്. ഇന്റർവെൻഷനൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജോസഫ് ഷിബു, അനസ്തേഷ്യ വിഭാഗം എച്ച്.ഒ.ഡിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ഡിനിറ്റ് ജോയ് ന്യൂറോളജി കൺസൾട്ടന്റ് ഡോ. പാർത്ഥസാരഥി ബി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രോഗി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. രോഗനിർണ്ണയത്തിലെ കൃത്യതയും അത്യാധുനിക സജ്ജീകരണങ്ങളുമാണ് വലിയൊരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു



