അങ്കമാലി: കളഞ്ഞുപോയ ഒരു പവൻ തൂക്കം വരുന്ന മാല തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ജോണി ആണ് സത്യസന്ധതയ്ക്ക് മാതൃകയായത്. ഒരാഴ്ച്ച മുൻപാണ് മാധ്യമ പ്രവർത്തകയായ ചൊവ്വര സദേശി ജിഷയുടെ 3 വയസുളള മകൾ ഗൗരികയുടെ മാല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കളഞ്ഞുപോയത്. മാല നഷ്ടപ്പെട്ട വിവരം ഇവർ അങ്കമാലി പോലീസ് സ്റ്റേഷനിലും, കെഎസ്ആർടിസി സ്റ്റാൻഡിലും രേഖാമൂലം അറിയിച്ചിരുന്നു. തുടർന്ന് അടുത്തുളള സ്റ്റാഡിലെ ഓട്ടോ ഡ്രൈവർമാരോടും വിവരം അറിയിച്ച് ഫോൺ നമ്പറും കൈമാറി.
കുട്ടി നടന്നുപോയ പ്രദേശത്തെ സിസിടിവി പോലീസ് പരിശോധിച്ചെങ്കിലും മാല ലഭിച്ചില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ജോണിക്ക് മാല ലഭിക്കുന്നത്. പ്രത്യക്ഷത്തിൽ സ്വർണ്ണമാണെന്ന് തോന്നാതിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മാല കിട്ടിയത്. ഉടൻ തന്നെ ഓട്ടോ ഡൈവർമാർ അടുത്തുളള ജ്വല്ലറിയിൽ പരിശോധിക്കുകയും മാല സ്വർണ്ണമാണെന്ന് ഉറപ്പിക്കുകയും ചെയ്തു,
ജോണിയുടെ നേതൃത്വത്തിലുളള ഡ്രൈവർമാർ മാല കളഞ്ഞുപോയ ജിഷയെ ബന്ധപ്പെടുകയും, അങ്കമാലി പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല അമ്മയ്ക്കും കുഞ്ഞിനും കൈമാറുകയുമായിരുന്നു. പിച്ചാനിക്കാട് സ്വദേശിയാണ് ജോണി. ജിഷയും മകളും ജോണിക്കും ഓട്ടോ ഡ്രൈവർമാർക്കും മധുരം നൽകി സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.