അങ്കമാലി: അങ്കമാലി-കാലടി ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാന്‍ 21.048 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. അങ്കമാലിയില്‍ കോടതി സമുച്ചയ പദ്ധതി എം.എല്‍.എ മുന്‍കയ്യെടുത്ത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ജലസേചന വകുപ്പുമായും, റവന്യു വകുപ്പ്മായും എം.എല്‍.എ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന 43 സെന്‍റ് സ്ഥലം കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രസ്തുത സ്ഥലത്താണ് കെട്ടിടം പണിയുന്നത്.
നാല് നിലകളിലായിട്ടാണ് പുതിയ കോടതി സമുച്ചയം പണിയുന്നത്. നിലവില്‍ അങ്കമാലി കോടതി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ സ്ഥലമില്ലാത്തതിനാല്‍ കാലടി കോടതി പെരുമ്പാവൂര്‍ കോടതി സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ കോര്‍ട്ട് കോപ്ലക്സ് അങ്കമാലിയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി കാലടി, അങ്കമാലി മജിസ്ട്രേറ്റ് കോടതിക്കള്‍ക്ക് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. അതുപോലെ തന്നെ ഭാവിയില്‍ കുടുംബ കോടതി, എം.എ.സി.റ്റി ഉള്‍പ്പെടെ അങ്കമാലിക്ക് ലഭ്യമാകുവാനുള്ള സാഹചര്യവും ഒരുങ്ങും. കോടതി സമുച്ചയത്തില്‍ ജഡ്ജസ് ചേംബര്‍, ബാര്‍ കൗണ്‍സില്‍ റൂം, വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം, കാന്‍റിന്‍, ഫീഡിംങ് റൂം, വനിതാ അഭിഭാഷകര്‍ക്കായുള്ള പ്രത്യേക മുറി, ഓഫീസ് റൂമുകള്‍, ജീവനക്കാര്‍ക്കായുള്ള വിശ്രമമുറികള്‍ എന്നിങ്ങനെ എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ കോടതി സമുച്ചയത്തില്‍ ഉണ്ടാവുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.