
ആലുവ: എറണാകുളം റൂറൽ ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഡോക്ടർ വൈഭവ് സക്സേന ചുമതലയേറ്റു. എസ്.പി.യുടെ ചേംബറിൽ നടന്ന ചടങ്ങിൽ വച്ചാണ് ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന എസ്.പി.വിവേക് കുമാർ അദ്ദേഹത്തെ സ്വീകരിച്ചു. റൂറൽ ജില്ലയുടെ അമ്പത്തിയൊമ്പതാമത്തെ എസ്.പിയാണ് 2016 ബാച്ച് കേരള കേഡർ ഐ.പി.എസ് ഓഫീസറായ ഡോ: വൈഭവ് സക്സേന. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്നു. ലക്നൗ സ്വദേശിയായ എസ്.പി, മാനന്തവാടി എ.എസ്.പി, കെ.എ.പി. ഒന്നാം ബറ്റാലിയൻ കമണ്ടാൻറ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എ.എ.ഐ.ജി, തിരുവനന്തപുരം സിറ്റി ഡി.സി.പി, എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റാന്വേഷണമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. റൂറൽ ജില്ലയെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെന്ന് എസ്.പി പറഞ്ഞു. റൂറൽ പോലീസ് മേധാവിയായിരുന്ന വിവേക് കുമാർ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആയി ചുമതലയേറ്റു.