കാലടി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൌത്യം 2025 അവസാനത്തോടെ ഉണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.ആദി ശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിൽ ജി പി എസ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുകയാണ്. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ റോബട്ടുകളെ അയക്കുമെന്നും, 2035 ഓടെ ഇന്ത്യ ബഹിരകാശത്ത് സ്പേസ് സെൻറർ നിർമ്മിക്കുമെന്നും, ചന്ദ്രയാൻ 4 ൻ്റെ വിക്ഷേപണത്തിനുള്ള തെയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നും സോമനാഥ് പറഞ്ഞു.
ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര തുക ആദിശങ്കര ട്രസ്റ്റിൻ്റെ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ സോമനാഥ് കൈമാറി. അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ കെയർ സംഘടനയ്ക്ക് പുരസ്ക്കാര തുക നൽകാൻ ആദിശങ്കരയോട് സോമനാഥ് നിർദ്ദേശിച്ചു. ശ്രീശാരദാ വിദ്യാലയത്തിലെ ഗവേഷണ വിഭാഗമായ ശാരദാ പ്രോഗ്രസ്സീവ് അഡ്വാൻസ്ഡ് റിസേർ ച്ച് കൊളേബൊറേഷൻ (sparc) ന്റെ ഉദ്ഘാടനവും സോമനാഥ് നിർവ്വഹിച്ചു.
ആദി ശങ്കര ട്രസ്റ്റ് അംഗം ദശരഥ രാമൻ, ശ്രീശാരദ വിദ്യാലയ പ്രിൻസിപ്പാൾ ഡോ. ദീപാ ചന്ദ്രൻ,ആദി ശങ്കരാ ജനറൽ മാനേജർ എൻ. ശ്രീനാഥ്, വാർഡ് മെമ്പർ കെ.ടി എൽദോസ്, വിദ്യാഭ്യാസ വിദഗ്ദ്ധൻ ടി.ആർ ജി നായർ, ആദി ശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് എൻജിനിയറിങ്ങ് ആൻ്റ് ടെക്നോളജി പ്രിൻസിപ്പാൾ ഡോ. എസ് ശ്രീപ്രിയ, പിറ്റിഎ പ്രസിഡന്റ് ബിജു ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് സോമനാഥ് മറുപടി നൽകി