കാലടി: കാലടി സ്വദേശിനി അമ്പിളി രജീഷിനു സ്വപ്ന സാഫല്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി. നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചപ്പോൾ കേരളീയ നൃത്തമായ മോഹിനിയാട്ടമാണ് അമ്പിളി അവതരിപ്പിച്ചത്. കാലടി ശ്രീ ശങ്കര സ്‌കൂൾ ഓഫ് ഡാൻസ് പുർവ്വ അദ്ധ്യാപികയാണ് അമ്പിളി. ഡാൻസ് സ്‌കൂളിൽ 10 വർഷം പരിശീലനം നേടുകയും തുടർന്ന് 9 വർഷം അവിടെ അദ്ധ്യാപികയായും ജോലി ചെയ്തു. വിവാഹശേഷം കോഴിക്കോട് ഭാവയാമി സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവ് രജീഷ്‌കുമാറി നോടൊപ്പമാണ് താമസിക്കുന്നത് .
കുവൈറ്റിലും നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. കുവൈറ്റ് സിറ്റിയിൽ വെച്ചാണ് അമ്പിളിക്കു പ്രധാനമന്ത്രിയുടെ മുൻപിൽ നൃത്തം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചത്.കഥകളിയും പഞ്ചവാദ്യവും വടക്കേ ഇന്ത്യൻ നൃത്ത രുപങ്ങളും അരങ്ങേറി. പരിപാടി അവതരിപ്പിച്ച ഓരോ കലാകാരന്മാരേയും പ്രധാനമന്ത്രി വ്യക്തിപരമായി അഭിനന്ദിച്ചതായി അമ്പിളി പറഞ്ഞു. പഞ്ചവാദ്യത്തിന്റെ പേരെടുത്ത് പ്രധാനമന്ത്രി പറഞ്ഞത് കലാ ട്രൂപ് അംഗങ്ങളെ ആവേശഭരിതരാക്കി. മധുരൈ ആർ.മുരളീധരന്റെ മയിൽ കവിതൈ എന്ന കവിതയുടെ കുച്ചിപ്പുടി ഗ്രൂപ്പ് കോറിയോഗ്രഫിയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനു ബന്ധിച്ചു നടന്ന മറ്റൊരു ചടങ്ങിൽ അമ്പിളി അവതരിപ്പിച്ചു.
സീനിയർ ഗുരു സുധാ പീതാംബരന്റെ ശിഷ്യയാണ് അമ്പിളി. ഇപ്പോൾ നർത്തകി ഗീതാ പദ്മകുമാറിന്റെ കീഴിൽ കുച്ചിപ്പുടിയും പരിശീലിക്കുന്നു. കുവൈറ്റിൽ എഞ്ചിനീയറായ ഭർത്താവ് രജീഷ് കുമാറാണ് അമ്പിളിയുടെ നൃത്തമോഹങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്. അച്ഛൻ കാലടിയിൽ സുഗന്ധ ഫ്‌ലവർ മാർട്ട് നടത്തിയിരുന്ന പരേതനായ എ. എൻ കുട്ടൻ. അമ്മ ലതാദേവി. മകൾ പാർവണ രജീഷ്, അമ്പിളിയുടെ കീഴിൽ നൃത്തം പഠിക്കുന്നു. ഇളയ മകൾ പ്രാർത്ഥന. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.