കാലടി: തിരുവൈരാണിക്കുളം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു. വ്യാപാരമേള, ഭക്ഷ്യമേള, കലാപരിപാടികൾ, സാംസ്‌കാരിക സദസുകൾ, ലൈവ് കാരിക്കേച്ചർ, മാജിക്ഷോ, എന്നിവയാണ് ഫെസ്റ്റിൽ ഉളളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫെസ്റ്റ് കണ്ട് ആസ്വദിക്കാൻ എത്തുന്നുണ്ട്. ഫെസ്റ്റിലെ കുട്ടികളുടെ പാർക്കാണ് ഏറെ ശ്രദ്ധാ കേന്ദ്രം. കുട്ടികൾക്ക് വിനോദ മാർഗത്തിനുളള നിരവധി ഉപകരണങ്ങൾ പാർക്കിലുണ്ട്. ഫെസ്റ്റിലെത്തുന്ന കുട്ടികൾ ഏറെ നേരം പാർക്കിൽ ചിലവഴിച്ചാണ് മടങ്ങുന്നത്.
പ്രത്യേകം തെയ്യാറാക്കിയ സ്‌റ്റേജിൽ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. മികച്ച ശബ്ദ, വെളിച്ച ക്രമീകരണങ്ങളും ഫെസ്റ്റിന് മിഴിവേകുന്നു. വരും ദിസങ്ങളിൽ ഒപ്പന, കോൽക്കളി, മാഗംകളി, ചവിട്ട് നാടകം, തിരുവാതിരക്കളി, ക്ലാസിക്കൽ സെമിക്ലാസിക്കൽ ഡാൻസുകൾ, കരോക്കേ ഗാനമേള, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ കലാപാരിപാടികൾ ഉണ്ടാകും. ദിവസേന ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തുന്നവരിൽ നിന്നും പേരുകൾ നറുക്കെടുത്ത് സമ്മാനങ്ങളും നൽകുന്നുണ്ട്. 13 വരേയാണ് ഫെസ്റ്റ് നടക്കുന്നത്.
13ന് വൈകീട്ട് 6.30 ന് സമാപന സമ്മേളനം തുടർന്ന് ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ട്. ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമീപ പഞ്ചായത്തുകളായ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം എന്നിവയുടേയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടക്കുന്നത്.