അങ്കമാലി: വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ പുല്ലാനി ചാലാക്ക വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (പുല്ലാനി വിഷ്ണു 33) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പരിധികളിൽ വധശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഡിസംബർ അവസാനം കൈപ്പട്ടൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി ഒരാളെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും, വീട്ടു സാധനങ്ങൾ നശിപ്പിച്ചതിനും കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. മുമ്പും ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചിട്ടുള്ളതിനാൽ ഇപ്രാവശ്യം ഒരു വർഷം വരെ ജയിലിൽ കഴിയണം.
എറണാകുളം റൂറൽ പോലീസ് കാപ്പ പ്രകാരം നടപടി ശക്തമാക്കിയതിന്‍റെ ഭാഗമായി നിലവിൽ 23 പേർ കാപ്പ പ്രതികളായി വിയ്യൂർ ജയിലിൽ കഴിയുന്നുണ്ട്. ഇത് കൂടാതെ 30 പേരെ ജില്ലയിൽ നിന്നും നിലവിൽ നാട് കടത്തിയിട്ടുമുണ്ട്. അങ്കമാലിയിൽ നിന്നു മാത്രം ഏഴുപേർ കാപ്പ നിയമപ്രകാരം ജയിലിലാണ്. കഴിഞ്ഞ ജൂൺ 21 ന് അങ്കമാലിയിൽ നിന്നും രാത്രി തട്ട് കട അടച്ച് വീട്ടിൽ പോകുന്നയാളെ അങ്കമാലി കുന്ന് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞ് നിർത്തി വെട്ടിയും, ഇരുമ്പ് വടിക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ പോപ്പി എന്ന് വിളിക്കുന്ന ജോസ്ഫി, മൂക്കന്നൂർ പാറയിൽ വീട്ടിൽ അനിൽ പപ്പൻ, മൂക്കന്നൂർ തെക്കേക്കര വീട്ടിൽ മജു, കഴിഞ്ഞ ആഗസ്റ്റിൽ അയിരൂർ തിരുകൊച്ചി റസിഡൻസിയിലെ ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൽ ശ്രമിച്ച കേസിൽ പ്രതിയായ കുന്നപ്പിള്ളിശ്ശേരി കുരിശിങ്കൽ വീട്ടിൽ മാർട്ടിൻ, വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക്ക് മനോഹരൻ, കവർച്ച, മോഷണം, അടിപിടി, മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി തുടങ്ങിയവരാണ് അങ്കമാലി മേഖലയിൽ നിന്ന് കാപ്പ പ്രതികളായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.
അങ്കമാലി പോലീസ് ഇൻസ്പെക്ടർ പി.ലാൽകുമാറിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കെ.എ.പോളച്ചൻ, അസി.സബ്ബ് ഇൻസ്പെക്ടർമാരായ കെ.പി വിജു, പി.വി.ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ കുറ്റവാളികൾ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാകും.