കാലടി: നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു. കലാമണ്ഡലം മോഹനതുളസി ടീച്ചറുടെ കീഴിലാണ് നൃത്ത പരിശീലനം ആരംഭിച്ചത്. 1993-ൽ കാലടിയിൽ ശ്രീ ശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. നിരവധി പരമ്പരാഗത നൃത്ത ഇനങ്ങളും കാലിക പ്രസക്തിയുള്ള നൃത്താവിഷ്‌കാരങ്ങളും അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.55 വേദികളിൽ അവതരിപ്പിച്ച കൃഷ്ണായ നമ: മാസ്റ്റർ പീസുകളിൽ ഒന്നാണ്.
മോഹിനിയാട്ടത്തിൽ ദേശീയ സ്‌കോളർഷിപ്പ്, ദൂരദർശൻ എ ഗ്രേഡ് പദവി, കേന്ദ്രസർക്കാറിന്റെ ഐ.സി.സി.ആർ.പാനൽ ആർട്ടിസ്റ്റ് എന്നീ പദവികൾ കൂടാതെ പ്രൊഫ.പി. സി.വാസുദേവൻ ഇളയത് അവാർഡ്, കലാമണ്ഡലം അവാർഡ്, ദി പ്രൈഡ് ഓഫ് കൊച്ചിൻ കോളേജ് അവാർഡ്, തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നൃത്തരംഗത്ത് തുടരുന്ന നിരവധി അദ്ധ്യാപികമാരെയും നർത്തകിമാരെയും വളർത്തിയെടുക്കാൻ സുധാ പിതാംബരന് കഴിഞ്ഞിട്ടുണ്ട്.
സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന നൃത്താവതരണങ്ങളുടെ ഭാഗമായുള്ള ആദ്യ അവതരണം ഫെബ്രുവരി 12ന് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുമെന്ന് ഡാൻസ് സ്‌കൂൾ പ്രമോട്ടർ പ്രൊഫ.പി.വി. പീതാംബരൻ പറഞ്ഞു. ഭകുറൂരമ്മയും കൃഷ്ണനും’ എന്ന പുത്തൻ നിർത്താവിഷ്‌കാരമാണ് അരങ്ങേറുക .വൈകിട്ട് 7ന് നടക്കുന്ന പ്രോഗ്രാമിൽ ശിഷ്യകളുടെ സോളോ പരിപാടിയും വീട്ടമ്മമാരുടെ ഗ്രൂപ്പ്, യുഗ്മ ഇനങ്ങളും നടക്കും.