അയ്യമ്പുഴ : ജനജീവിതം ദുസ്സഹമാക്കി എങ്ങും കാട്ടാനക്കൂട്ടം. പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പിലെ കല്ലാല, അതിരപ്പിള്ളി എസ്റ്റേറ്റുകളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും കല്ലാല എസ്റ്റേറ്റിലെ കുളിരാംതോട് ക്ഷേത്രത്തിലും പ്ലാന്റേഷൻ സ്കൂളിലും കാട്ടാനയുടെ ആക്രമണമുണ്ടായി.
കുളിരാംതോട് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മതിലും ഗേറ്റും തകർത്ത് അകത്തുകടന്ന കാട്ടാനകൾ ചുറ്റമ്പലത്തിനുള്ളിലെ എല്ലാ വസ്തുക്കളും നശിപ്പിച്ചു. പ്രധാന ദീപക്കാൽ മറിച്ചിട്ടു. തിടപ്പള്ളിയുടെ ഇടതുഭാഗത്ത് പാത്രങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുറിയുടെ ഗ്രിൽ തകർത്ത് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ നശിപ്പിച്ചു.ചുറ്റമ്പലത്തിനു പുറത്തെത്തിയ കാട്ടാനകൾ ഈ മുറിയുടെ മുൻ ഭാഗത്തെ ഗ്രില്ലും തകർത്ത് പാത്രങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. ചുറ്റമ്പലത്തിന് അകത്തെ വിളക്കുകൾ, അലമാര, കസേരകൾ തുടങ്ങിയവയാണു നശിപ്പിച്ചത്. ഉപദേവതാപ്രതിഷ്ഠയുടെ ഭാഗത്തെ മതിലിനും ചെറുഗേറ്റിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഈ ഭാഗത്തു നിന്ന് അകത്തേക്കു കടക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉപദേവതാ പ്രതിഷ്ഠകൾക്കു മുന്നിലെ വിളക്കുകളും മറ്റും മറിച്ചിട്ടുണ്ട്. ചുറ്റമ്പലത്തിന്റെ പുറത്തെ ഷെഡ്ഡിന്റെ ഭിത്തിക്കു കേടുപാടുകൾ വരുത്തി. കഴിഞ്ഞ നവംബറിലും കാട്ടാനകൾ ക്ഷേത്രം ആക്രമിച്ചിട്ടുണ്ട്. ചുറ്റമ്പലത്തിന് അകത്തേക്കു കാട്ടാനകൾ ആദ്യമായാണു കയറുന്നത്.
വേനൽ കനക്കുമ്പോൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമ്പോഴാണു കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. പ്ലാന്റേഷൻ സ്കൂളിൽ ഒട്ടേറെ പ്രാവശ്യം കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.ഉച്ചഭക്ഷണത്തിനായി സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിക്കും സമീപത്തെ ക്ലാസ് മുറികൾക്കും കാട്ടാനക്കൂട്ടം കേടുപാടുകൾ വരുത്താറുണ്ട്. കഴിഞ്ഞദിവസവും സ്കൂളിൽ കാട്ടാനക്കൂട്ടമെത്തി. കാട്ടാനകളുടെ എണ്ണത്തിൽ വൻവർധന ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ കുട്ടിയാന മാലിന്യക്കുഴിയിൽ കുടുങ്ങിയിരുന്നു. കാട്ടാനക്കൂട്ടം ഈ ഭാഗത്ത് മണിക്കൂറുകളോളം ഭീതിപരത്തിയിരുന്നു. വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം വൻതോതിൽ കൃഷിനാശം വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഏഴാറ്റുമുഖം ഭാഗത്തെ വാഴത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളിൽ തന്നെ തങ്ങുന്നതും വലിയ ഭീഷണിയാകുന്നുണ്ട്. കാട്ടാനകളെ തുരത്താൻ സാധിക്കാത്ത സ്ഥിതിയായാണ്. 15 മുതൽ 40 വരെയുള്ള കാട്ടാനകളുടെ കൂട്ടങ്ങളാണ് രാത്രിയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തുന്നത്. ബഹളം വച്ചും പടക്കം പൊട്ടിച്ചുമൊക്കെയാണ് കാട്ടാനകളെ തുരത്തിയിരുന്നത്. എന്നാലിപ്പോൾ ഇത്തരം മാർഗങ്ങളൊന്നും കാട്ടാനക്കൂട്ടങ്ങളുടെ അടുത്ത് വിലപ്പോകുന്നില്ല.ജനവാസകേന്ദ്രങ്ങൾക്കു ചുറ്റും വൈദ്യുതവേലി തീർത്ത് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. തൂക്കിയിടുന്ന വൈദ്യുതവേലി സ്ഥാപിക്കുന്നതിനു പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ വേലി ഏതു ഭാഗങ്ങളിലൊക്കെ സ്ഥാപിക്കുമെന്നതു സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറായിട്ടില്ല.