അങ്കമാലി: സംസ്ഥാന ബജറ്റില്‍ അങ്കമാലി നിയോജകമണ്ഡലത്തില്‍ 5.5 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. വേങ്ങൂര്‍-കിടങ്ങൂര്‍ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുവാന്‍ 3.5 കോടി രൂപയും കറുകുറ്റിയില്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി 2 കോടി രൂപയുമാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ പ്രധാന 20 വികസന പദ്ധതികളിലേക്ക് തുക അനുവദിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് എം.എല്‍.എ ധനകാര്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് പദ്ധതികള്‍ക്ക് മാത്രമാണ് തുക വകയിരുത്തിയിരിക്കുന്നത്.
അങ്കമാലി ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ തുക വകയിരുത്താത്തതും ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കാന്‍ തുക വകയിരുത്താത്തതും പ്രതിഷേധാര്‍ഹമാണ്. വേങ്ങൂര്‍-നായത്തോട് റോഡിന്‍റെ രണ്ടാംഘട്ട വികസനത്തിനായും, നിയോജകമണ്ഡലത്തിലെ മറ്റ് നിരവധിയായ റോഡുകളുടേയും പാലങ്ങളുടേയും കെട്ടിടങ്ങളുടേയും നിര്‍മ്മാണത്തിനായും തുക അനുവദിക്കുവാന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം മണപ്പാട്ടുചിറയുടെ വികസനം സാധ്യമാക്കി പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കുന്നതിനും നിരവധിയായുള്ള ജലസേചന പദ്ധതികളുടെ വിപുലീകരണത്തിനും വന്യജീവി ആക്രമണം പ്രതിരോധിക്കാനാവശ്യമായ പദ്ധതികള്‍ക്കും തുക അനുവദിക്കുവാന്‍ ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും ഉണ്ടായിട്ടില്ല എന്നുള്ളത് നിരാശാജനകമാണെന്ന് റോജി എം. ജോണ്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.