പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. കണ്ണൂർ തലശ്ശേരി കടയപ്പുറം തെരുവ് ചാലിൽ വീട്ടിൽ ഫാസിൽ (33) നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ വെങ്ങോല ബഥനി കുരിശ് ഭാഗത്തുള്ള ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചതിന് കോട്ടയത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ 17ന് വഴിയാത്രിക്കാരിയായ സ്ത്രീയുടെ സ്വർണ്ണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തതും, 20 ന് പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടറിൽ എത്തി നടന്നുപോയ സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തതും,
പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു മോട്ടോർസൈക്കിൾ മോഷണം നടത്തിയതും ഇയാളെന്ന് തെളിഞ്ഞു. പുത്തൻകുരിശിൽ മാല പൊട്ടിച്ച സമയത്ത് ഓടിച്ച സ്കൂട്ടർ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം ചെയ്തതാണെന്നും പോലീസ് കണ്ടെത്തി. ഇയാൾക്ക് കണ്ണൂർ ടൗൺ, അങ്കമാലി ,കളമശ്ശേരി, കുത്തിയതോട് സ്റ്റേഷനുകളിൽ മോഷണ കേസും, തളിപ്പറമ്പ്, നെടുപുഴ പോലീസ് സ്റ്റേഷനിൽ മാല പൊട്ടിച്ച കേസും ഉൾപ്പെടെ ഇരുപതോളം കേസുകളുണ്ട്. ആർഭാട ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനു വേണ്ടിയാണ് മോഷണം നടത്തുന്ന പ്രതി പോലീസിനോട് പറഞ്ഞു.
ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, കെ.ജി.ദിനേശ് കുമാർ, എ.എസ്.ഐ പി.എ.അബ്ദുൽമനാഫ് എസ്.സി.പി. ഒമാരായ കെ.പി.സുധീഷ്, പി.സി.ജോബി, സി.പി.ഒ കെ.എ.അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.